ന്യൂദൽഹി- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വോട്ടർ പട്ടികയിൽനിന്ന് കംപ്യൂട്ടറിന്റെ സഹായത്തോടെ വോട്ടുകൾ ആസൂത്രിതതമായി നീക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കർണാടകയിലെ രണ്ടു മണ്ഡലത്തിലെ വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. വ്യാജ ലോഗിനും ഫോൺ നമ്പറും ഉപയോഗിച്ചാണ് വോട്ടുകൾ നീക്കിയതെന്ന് രാഹുൽ തെളിവുസഹിതം പുറത്തുവിട്ടു. വോട്ടർമാരുടെ പേരിലുള്ള വോട്ട് അവർ അറിയാതെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അറിവോടെയാണ് ഈ തിരിമറി നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് ലീഡ് ചെയ്യുന്ന ബൂത്തുകളിൽനിന്നാണ് വോട്ടുകൾ നീക്കം ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും വോട്ടുകളാണ് നീക്കം ചെയ്തത്.
2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഇല്ലാതാക്കിയെന്നും രാഹുൽ ആരോപിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിനുകളും ഫോൺ നമ്പറുകളും ഉപയോഗിച്ചാണ് ഈ വോട്ടർ ഐഡികൾ ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തികളല്ല, സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ വോട്ടർ ഇല്ലാതാക്കൽ നടത്തുന്നത്.
വോട്ടുകൾ വെട്ടിമാറ്റുന്നത് സംബന്ധിച്ച് കർണാടക സിഐഡി 18 മാസത്തിനുള്ളിൽ 18 കത്തുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചെങ്കിലും ഒരു മറുപടി പോലും നൽകിയില്ല. വോട്ടർമാരെ ഇല്ലാതാക്കൽ ഫോമുകൾ പൂരിപ്പിച്ച ഉപകരണത്തിന്റെ ഡെസ്റ്റിനേഷൻ ഐ.പി, ഒ.ടി.പി പ്രവർത്തിക്കുന്നത് എങ്ങിനെ തുടങ്ങിയ വിവരങ്ങൾ സി.ഐ.ഡി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അട്ടിമറി നടത്തുന്നവരെ ഗ്യാനേഷ് കുമാർ സംരക്ഷിക്കുന്നു എന്നതിന്റെ പൂർണ്ണമായ തെളിവാണിതെന്നും രാഹുൽ പറഞ്ഞു,
ഭരണഘടനയെ അവർ ആക്രമിക്കുകയാണെന്നും ഇതാണ് നിങ്ങളുടെ ഭാവിയെന്ന് ഓരോ ചെറുപ്പക്കാരനും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ഉയർത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു,. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വിവരങ്ങൾ നൽകുന്നില്ല എന്നതിന്റെ അർത്ഥം, അവർ നമ്മുടെ ജനാധിപത്യത്തിന്റെ കൊലയാളികളെ സംരക്ഷിക്കുകയാണ് എന്നാണ്.
ചില മണ്ഡലങ്ങളിൽ വോട്ടർമാരെ ചേർത്തതായും മറ്റു ചില മണ്ഡലങ്ങളിൽ വോട്ടർമാരെ ഇല്ലാതാക്കിയതായും രാഹുൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്ന ആളുകളെ സംരക്ഷിക്കുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ ഈ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണം. അല്ലെങ്കിൽ, ഭരണഘടനയെ നശിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ആളുകളെ ഗ്യാനേഷ് കുമാർ സംരക്ഷിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പായും മനസ്സിലാകുംമെന്നും രാഹുൽ പറഞ്ഞു. ഹൈഡ്രജൻ ബോംബ് ഉടൻ വരുമെന്നും രാഹുൽ വ്യക്തമാക്കി.