തെല്‍അവീവ് – ഗാസ നശിപ്പിക്കപ്പെടുകയും ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഹമാസ് ഇസ്രായിലി ബന്ദികളെ വിട്ടയച്ച് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ സൈന്യം സൈനിക നടപടി തുടരും. ഗാസ വീണാല്‍ ഹമാസ് വീഴും. സിന്‍വാര്‍ സഹോദരന്മാര്‍ ഗാസ നശിപ്പിച്ചു. ഇസ്സുദ്ദീന്‍ അല്‍ഹദ്ദാദ് അതിന് നാശം വരുത്തും – പുതിയ ഹമാസ് നേതാവിനെ പരാമര്‍ശിച്ച് ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
യുദ്ധം പൂര്‍ത്തിയാക്കാനും ഹമാസിനെ പരാജയപ്പെടുത്താനും ഇസ്രായില്‍ നിലവില്‍ നിര്‍ണായക പരീക്ഷണ ഘട്ടത്തിലാണ്. മുഴുവന്‍ ഇസ്രായിലി ബന്ദികളെയും വിട്ടയച്ച്, ആയുധങ്ങള്‍ ഉപേക്ഷിക്കുക എന്നീ നിന്ന് രണ്ട് കാര്യങ്ങള്‍ മാത്രമേ ഹമാസില്‍ നിന്ന് ഇസ്രായിലിന് ആവശ്യമുള്ളൂ. ആക്രമണം കൂടുതല്‍ തീവ്രമാകുന്തോറും ഹമാസിന്റെ നേരിട്ടുള്ള പരാജയം വര്‍ധിക്കുകയും ബന്ദികളെ മോചിപ്പിക്കാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നാണ് ഇസ്രായിലിന്റെ കണക്കുകൂട്ടൽ.
ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു വ്യക്തമായ സന്ദേശം അയക്കുന്നു. സൈനിക നടപടി പൂര്‍ണ ശക്തിയോടെ ആയിരിക്കണം. നിങ്ങളുടെ സൈനികരെ സംരക്ഷിക്കുകയെന്ന ഒരേയൊരു പരിഗണന മാത്രം മനസ്സില്‍ വെച്ചാല്‍ മതി. ആക്രമണസമയത്ത് ഇത് മാത്രമാണ് പരിഗണന. സേനയെ സംരക്ഷിക്കാന്‍ എല്ലാ മാര്‍ഗങ്ങളും പൂര്‍ണ ശക്തിയോടെ ഉപയോഗിക്കുക – പ്രതിരോധ മന്ത്രി പറഞ്ഞു.
ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ ഇന്ന് ഗാസ മുനമ്പില്‍ സതേണ്‍ കമാന്‍ഡിന്റെ തലവന്‍ യാനിവ് അസോര്‍, 98-ാം ഡിവിഷന്റെ കമാന്‍ഡര്‍ ഗൈ ലെവി, മറ്റ് കമാന്‍ഡര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ ബന്ദികളെയും അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കുകയും ഹമാസിന്റെ സൈനിക, സര്‍ക്കാര്‍ ശേഷികള്‍ തകര്‍ക്കുകയും ചെയ്യുക. ഏറ്റവും പ്രധാനപ്പെട്ടതും ധാര്‍മികവുമായ ദൗത്യം നിറവേറ്റുന്നതിന് ഹമാസിനുണ്ടായ നാശനഷ്ടങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുകയും, ഗാസ സിറ്റി ബ്രിഗേഡിനെ പരാജയപ്പെടുത്തുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ചുമതല – ഗാസ സിറ്റിയില്‍ ഓപ്പറേഷന്‍ കൂടുതല്‍ ശക്തമാക്കാന്‍ സൈനിക നീക്കങ്ങള്‍ നടത്തുന്ന സൈനികരോട് സാമിര്‍ പറഞ്ഞു.
പോരാട്ടത്തിന്റെ പ്രാധാന്യം, കുതന്ത്രത്തിന്റെയും വെടിവെപ്പിന്റെയും വേഗത നിയന്ത്രിക്കല്‍, ദൗത്യങ്ങളുടെ സംയോജനവും വ്യവസ്ഥാപിത നിര്‍വ്വഹണവും എന്നിവയെ കുറിച്ചും ചീഫ് ഓഫ് സ്റ്റാഫ് സംസാരിച്ചു. യുദ്ധം തുടരാനുള്ള നിര്‍ണായക ഘട്ടമാണ്
ഗാസ നഗരത്തിലെ സൈനിക നീക്കമെന്നും ഇയാല്‍ സാമിര്‍ പറഞ്ഞു.
ഗാസ നഗരത്തില്‍ നിന്ന് വന്‍തോതിലുള്ള പലായനം നടക്കുന്നതിനിടയില്‍, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ സൈന്യം ഗാസയില്‍ ശക്തമായ നടപടികൾ ആരംഭിച്ചതായി വ്യക്തമാക്കി. ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായിലിന്റെ കരയാക്രമണം ശക്തമായ അന്താരാഷ്ട്ര വിമര്‍ശനം വിളിച്ചുവരുത്തി.
സുരക്ഷിതമായ പ്രദേശങ്ങളുടെ അഭാവമുണ്ടായതോടെ ഗാസ സിറ്റിയില്‍ നിന്ന് ഗാസ മുനമ്പിന്റെ തെക്കോട്ട് വന്‍തോതിലുള്ള പലായനം നടക്കുന്നു. ഗാസ നഗരത്തില്‍ കരയാക്രമണത്തിന്റെ പ്രധാന ഘട്ടത്തിന് തുടക്കം കുറിച്ചതായി ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നഗരത്തില്‍ 3,000 ഹമാസ് പോരാളികള്‍ ഉണ്ടെന്ന് കണക്കാക്കുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കരസേന നഗരത്തിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും നഗരമധ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. ഹമാസിനെ പരാജയപ്പെടുത്താന്‍ ആവശ്യമായിടത്തോളം കാലം സൈനിക നടപടികള്‍ തുടരാന്‍ സൈന്യം തയാറാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.