കുവൈത്ത് സിറ്റി – കുവൈത്തില്‍ പ്രവാസി ജനസംഖ്യ കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ അറിയിച്ചു. ഈ വര്‍ഷാദ്യത്തെ കണക്കുകള്‍ പ്രകാരം കുവൈത്തില്‍ പ്രവാസികളുടെ എണ്ണം 1.56 ശതമാനം തോതില്‍ കുറഞ്ഞ് 33,15,086 ആയി.
കഴിഞ്ഞ വര്‍ഷാദ്യം വിദേശികള്‍ 33,67,490 ആയിരുന്നു. സ്വദേശി ജനസംഖ്യ 1.32 ശതമാനം തോതില്‍ വര്‍ധിച്ചു. ഈ വര്‍ഷാദ്യത്തെ കണക്കുകള്‍ പ്രകാരം കുവൈത്തി പൗരന്മാര്‍ 15,66,168 ആണ്. കഴിഞ്ഞ വര്‍ഷാദ്യം സ്വദേശികള്‍ 15,45,781 ആയിരുന്നു. കുവൈത്തിലെ മൊത്തം ജനസംഖ്യ 0.65 ശതമാനം കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 48,81,254 ആണ്. 2024 ല്‍ ആകെ ജനസംഖ്യ 49,13,271 ആയിരുന്നു.
പ്രവാസികളുടെ എണ്ണം കുറയുകയും സ്വദേശികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതിന്റെ ഫലമായി ജനസംഖ്യയുടെ 32.09 ശതമാനമായി കുവൈത്തികള്‍ മാറി. ഒരു വര്‍ഷം മുമ്പ് ഇത് 31.46 ശതമാനമായിരുന്നു. ആകെ ജനസംഖ്യയില്‍ പുരുഷ-സ്ത്രീ അനുപാതം നേരിയ തോതില്‍ മാറി. 2024 ല്‍ 61.49-38.51 ശതമാനമായിരുന്ന പുരുഷ-സ്ത്രീ അനുപാതം 2025 ല്‍ 61.21-38.79 ശതമാനമായി.
സ്വദേശി ജനസംഖ്യയിലെ തുടര്‍ച്ചയായ വളര്‍ച്ച സര്‍ക്കാറിന്റെ പിന്തുണാ നയങ്ങളും ഉയര്‍ന്ന ജനനനിരക്കും പ്രതിഫലിപ്പിക്കുന്നു. മിതമായതാണെങ്കിലും, സ്ഥിരമായ വര്‍ധനവ് ജനസംഖ്യാപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. സ്വദേശികള്‍ മൊത്തം ജനസംഖ്യയില്‍ 31.5 ശതമാനത്തില്‍ നിന്ന് 32.1 ശതമാനമായി. ഈ കണക്കുകള്‍ ദേശീയ ആസൂത്രണത്തില്‍, സ്വദേശി പൗരന്മാരെ ലക്ഷ്യം വച്ചുള്ള പൊതു സേവനങ്ങള്‍, വിദ്യാഭ്യാസം, സാമൂഹിക പ്രോഗ്രാമുകള്‍ എന്നിവയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.
തൊഴില്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, വിദേശ തൊഴിലാളികളെ കുറിച്ചുള്ള സര്‍ക്കാര്‍ നയങ്ങള്‍, മേഖലയിലെ വിശാലമായ സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയാണ് പ്രവാസി ജനസംഖ്യയിലെ ഇടിവിന് കാരണം. പ്രവാസി ജനസംഖ്യയില്‍ കുറവണ്ടായെങ്കിലും ഇപ്പോഴും കുവൈത്തി ഇതര ജനസംഖ്യ 68 ശതമാനമാണ്. എന്നിരുന്നാലും പ്രവാസികളുടെ ജനസംഖ്യ കുറയുന്ന പ്രവണത ക്രമേണ ജനസംഖ്യാ പുനഃസന്തുലിതാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കുവൈത്ത് ജനസംഖ്യയില്‍ പുരുഷന്മാരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 1.1 ശതമാനം കുറഞ്ഞു. ആകെ പുരുഷന്മാര്‍ 29,87,971 ആണ്. കഴിഞ്ഞ വര്‍ഷാദ്യം പുരുഷന്മാര്‍ 30,21,216 ആയിരുന്നു. ജനസംഖ്യയുടെ ഏകദേശം 61 ശതമാനമായി പുരുഷന്മാര്‍ തുടരുന്നു. വലിയ പ്രവാസി തൊഴിലാളി സമൂഹങ്ങളുള്ള രാജ്യങ്ങളില്‍ ഇത്തരമൊരു ലിംഗ അസന്തുലിതാവസ്ഥ സാധാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതിനു വിപരീതമായി, സ്ത്രീകളുടെ എണ്ണം ഏതാണ്ട് സ്ഥിരമായി തുടര്‍ന്നു. വനിതാ ജനസംഖ്യ 0.06 ശതമാനം തോതില്‍ വര്‍ധിച്ചു. സ്ത്രീകള്‍ 18,93,283 ആയി. 2024 ല്‍ സ്ത്രീകള്‍ 18,92,055 ആയിരുന്നു. മൊത്തം ജനസംഖ്യയുടെ ഏകദേശം 39 ശതമാനമാണ് വനിതകള്‍. മൊത്തത്തിലുള്ള സ്ത്രീകളുടെ എണ്ണം ഏറെക്കുറെ സ്ഥിരമാണെങ്കിലും, കുവൈത്തികളല്ലാത്തവര്‍ക്കിടയിലെ ചെറിയ കുറവ് കണക്കിലെടുക്കുമ്പോള്‍ കുവൈത്തികളും കുവൈത്തികളല്ലാത്ത സ്ത്രീകളും തമ്മിലുള്ള സന്തുലിതാവസ്ഥയില്‍ നേരിയ മാറ്റമുണ്ടാകാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പ്രവാസികള്‍ ഭൂരിപക്ഷമായി തുടരുന്നുണ്ടെങ്കിലും, അവരുടെ വിഹിതം ക്രമേണ ചുരുങ്ങുകയാണെന്ന് ജനസംഖ്യാ ബുള്ളറ്റിന്‍ നിഗമനം ചെയ്തു. ജോലി ചെയ്യുന്ന പ്രായത്തിലുള്ള പ്രവാസി പുരുഷന്മാര്‍ ജനസംഖ്യാ ഘടനയില്‍ ആധിപത്യം തുടരുന്നു. അതേസമയം കുവൈത്തികള്‍ ഏതാണ്ട് സന്തുലിതമായ ലിംഗ അനുപാതം നിലനിര്‍ത്തുന്നു. കുവൈത്തികളില്‍, ഏറ്റവും കൂടുതല്‍ പ്രായക്കാര്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ചെറുപ്പക്കാരായ ജനസംഖ്യയിലാണ്. അതേസമയം കുവൈത്തികളല്ലാത്തവരിലും മൊത്തത്തിലുള്ള ജനസംഖ്യയിലും ഏറ്റവും വലിയ വിഭാഗം 35-39 പ്രായപരിധിയിലാണ്.
തൊഴില്‍ കുടിയേറ്റ പ്രവണതകളും അവയുടെ ജനസംഖ്യാപരമായ സ്വാധീനവും തുടര്‍ച്ചയായി നിരീക്ഷിക്കാനും പൗരന്മാര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ സേവനങ്ങള്‍ എന്നിവക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനുള്ള ആസൂത്രണം നടത്താനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. കൂടുതല്‍ സുസ്ഥിരമായ ജനസംഖ്യാ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് കുടുംബ രൂപീകരണത്തെ പിന്തുണക്കുകയും വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികളെ നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങളുടെ പ്രാധാന്യവും ഇത് എടുത്തുകാണിച്ചു.