ദുബൈ ∙ അൽ നഹ്ദായിലെ മെട്രോ സ്റ്റേഷന്റെ അടുത്ത് നിയന്ത്രണം വിട്ട ലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് അൽ നഹ്ദാ സ്ട്രീറ്റിലെ ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു. വിവരം ലഭിച്ച ഉടനെ പോലീസ് സ്ഥലത്ത് എത്തുകയും കേടായ ലോറി മാറ്റുകയും ചെയ്തതിനെ തുടർന്ന് ഗതാഗതം നിയന്ത്രിക്കാൻ കഴിഞ്ഞു.
ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, പെട്ടെന്നുള്ള ലെയിൻ മാറ്റങ്ങൾ ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗ് ജുമാ സലാം ബിൻ സുവൈദാൻ അറിയിച്ചു. വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്ഥിരമായി പരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ പൊലീസ് അപകടങ്ങൾ കുറയ്ക്കാനും, ഡ്രൈവർമാരിൽ ബോധവത്കരണം വർധിപ്പിക്കാനും വിവിധ ക്യാമ്പെയ്‌നുകൾ നടത്തിവരുന്നുണ്ടെന്നും, തിരക്കേറിയ പ്രദേശങ്ങളിലും ബസ്‌സ്റ്റോപ്പുകളുടെയും മെട്രോ സ്റ്റേഷനുകളുടെയും സമീപത്തും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജുമാ സലാം കൂട്ടിചേർത്തു.