ദുഷാൻബെ – കാഫ നേഷൻസ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജയിച്ചിട്ടും ഫൈനൽ കാണാതെ പുറത്തായി ഒമാൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്കമെനിസ്ഥാൻ പരാജയപ്പെടുത്തിയെങ്കിലും മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ കിർഗിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചതാണ് തിരിച്ചടിയായത്. ഇതോടെ സെപ്റ്റംബർ എട്ടിന് നടക്കുന്ന കലാശ പോരാട്ടത്തിൽ
ഉസ്ബെക്കിസ്ഥാൻ ഇറാനെ നേരിടും. ഇതേ ദിവസം തന്നെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഇന്ത്യ ഒമാനെയും നേരിടും.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഒമാനിന് വേണ്ടി വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ഗസ്സാനി നേടിയ ഗോളാണ് വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ പതിനാറാം മിനുറ്റിൽ തുർക്കമെനിസ്ഥാൻ ഗോൾകീപ്പർ റസ്റ്റം അഹല്യെവ് നേടിയ സെൽഫിലൂടെ ഒമാൻ മുന്നിലെത്തി.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർസുവ്ഗുലി ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഗസ്സാനിയിലൂടെ വിജയം ഉറപ്പിച്ച ഒമാനിന് ഫൈനൽ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നടന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ കിർഗിസ്ഥാനെ തോൽപ്പിച്ചതോടെ ഗോൾ വ്യത്യാസത്തിന്റെ പേരിൽ പുറത്താവുകയായിരുന്നു.