വാഷിംഗ്ടണ്‍ – ഫലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എല്ലാ തരം സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ നടപടി വൈദ്യചികിത്സ, വിദ്യാഭ്യാസം, ബന്ധുക്കളെ സന്ദര്‍ശിക്കല്‍, ബിസിനസ്സ് എന്നിവക്കായി അമേരിക്കയിലേക്കുള്ള ഫലസ്തീനികളുടെ യാത്ര തടയുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം പറഞ്ഞു. ഗാസ മുനമ്പില്‍ നിന്നുള്ള ഫലസ്തീനികള്‍ക്കുള്ള സന്ദര്‍ശക വിസകളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണ് ഈ പുതിയ നയം. സെപ്റ്റംബര്‍ അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന വാര്‍ഷിക യു.എന്‍ ജനറല്‍ അസംബ്ലി യോഗങ്ങളില്‍ പങ്കെടുക്കുന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ വിദേശ മന്ത്രാലയം അറിയിച്ചിരുന്നു.
ഓഗസ്റ്റ് 18 ന് അമേരിക്കന്‍ വിദേശ മന്ത്രാലയം എല്ലാ യു.എസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സന്ദേശത്തില്‍ അടങ്ങിയിരിക്കുന്ന പുതിയ നടപടികള്‍ വെസ്റ്റ് ബാങ്കില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഫലസ്തീന്‍ പ്രവാസികളില്‍ നിന്നുമുള്ള നിരവധി ഫലസ്തീനികളെ വിവിധ തരം കുടിയേറ്റേതര വിസകളില്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫലസ്തീനികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമല്ല. പക്ഷേ, വരും ആഴ്ചകളില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഏതാനും യു.എസ് സഖ്യകക്ഷികള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഫലസ്തീനികള്‍ക്കുള്ള വിസകള്‍ വിലക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകാരിക്കാനുള്ള ഈ നീക്കത്തെ യു.എസ് ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ക്കുകയും ഇസ്രായില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായിലി സൈനിക നടപടികളെ കുറിച്ചും അത് സൃഷ്ടിക്കുന്ന മാനുഷിക ദുരിതങ്ങളെ കുറിച്ചും നിരന്തരം അന്താരാഷ്ട്ര വിമര്‍ശനം ഉയര്‍ന്നിട്ടും, രണ്ട് വര്‍ഷമായി ഗാസ മുനമ്പില്‍ ഹമാസിനെതിരെ നടക്കുന്ന യുദ്ധത്തിലുടനീളം അമേരിക്ക ഇസ്രായിലിനെ ശക്തമായി പിന്തുണക്കുന്നു. വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും ചില ഭാഗങ്ങളില്‍ അര്‍ധ സ്വയംഭരണ ഫലസ്തീന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന് ഇസ്രായിലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും കരാറുകളില്‍ ഒപ്പുവച്ച 1990 കളില്‍ ആദ്യമായി പുറത്തിറക്കിയ ഫലസ്തീന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കു മാത്രമേ പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകൂ. മറ്റ് പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്ന ഇരട്ട പൗരത്വമുള്ള ഫലസ്തീനികള്‍ക്കും ഇതിനകം വിസ നേടിയവര്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു.
ഫലസ്തീനികള്‍ക്കുള്ള വിസ നിയന്ത്രിക്കുന്നതിന് സമീപ ആഴ്ചകളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മറ്റ് നടപടികളും പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ നിന്നുള്ള ഏകദേശം ഇരുപതു ലക്ഷം ഫലസ്തീനികള്‍ക്ക് സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഓഗസ്റ്റ് 16 ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. സന്ദര്‍ശക വിസകള്‍ അമേരിക്കയില്‍ വൈദ്യസഹായം തേടുന്നവര്‍ക്കുള്ള ഒരു മാര്‍ഗമാണ്. മാനുഷിക സംഘടനയായ ശിഫാ ഫലസ്തീന്‍ വൈദ്യചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്ന ഗാസയില്‍ നിന്നുള്ള ഫലസ്തീനികളെ വലതുപക്ഷ അമേരിക്കന്‍ ആക്ടിവിസ്റ്റ് ലോറ ലൂമര്‍ ദേശീയ സുരക്ഷാ ഭീഷണി എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഗാസയില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചതായി യു.എസ് വിദേശ മന്ത്രാലയം അറിയിച്ചത്.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചു. ഇത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ തടയും. കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനും സമാധാനത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തിയതിനും ഫലസ്തീന്‍ അതോറിറ്റിയെയും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെയും ഉത്തരവാദിത്തപ്പെടുത്തുന്നതിനാണ് റൂബിയോ ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസകള്‍ വിലക്കിയതെന്ന് യു.എസ് വിദേശ മന്ത്രാലയം വിശദീകരിച്ചു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും മറ്റ് 80 ഫലസ്തീന്‍ നേതാക്കളും വിലക്കില്‍ ഉള്‍പ്പെടുന്നതായി മന്ത്രാലയം പറഞ്ഞു. റൂബിയോയുടെ തീരുമാനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് അഗാധമായ ഖേദവും ആശ്ചര്യവും പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്നും പിന്‍വലിക്കണമെന്നും ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു.