ബിഷ– ബിഹാർ സ്വദേശിയായ മുഹമ്മദ് അഫ്സൽ (53) ബിഷയിൽ വാഹനാപകടത്തിൽ മരിച്ചു. ക്യാബിൻ സ്റ്റാൻഡ് പൊട്ടി ദേഹത്തു വീണ് ക്യാബിനുള്ളിൽ കുടുങ്ങിയാണ് അഫ്സൽ മരിച്ചത്. ബിഷക്ക് സമീപം തിനിയാ എന്ന സ്ഥലത്ത് വെച്ച് ഡയന ട്രക്ക് ക്യാബിൻ ഓപ്പണാക്കി അറ്റകുറ്റ പണി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കൂടെ താമസിക്കുന്ന പാകിസ്ഥാൻ സ്വദേശി ഫോൺ വിളിച്ചിട്ട് കിട്ടാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഇദ്ദേഹം ഉടനെ പോലീസിനെ വിവരം അറിയിക്കുകയും പോലീസും ആംബുലൻസും എത്തി മൃതദേഹം തബാല ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ് മോർട്ടം കഴിഞ്ഞ് നിയമ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ബിഷയിൽ ഖബറടക്കും.
25 വർഷമായി ജിദ്ദയിൽ ജോലി നോക്കി വരികയായിരുന്നു അഫ്സൽ. ജിദ്ദയിൽ നിന്നും എക്സിറ്റിൽ പോയി പുതിയ കഫീലിന്റെ കീഴിൽ ബിഷയിൽ എത്തിയിട്ട് രണ്ട് മാസമായി. വിവാഹിതനായ അഫ്സലിന് 4 കുട്ടികളാണ് ഉള്ളത്. ജിദ്ദ കോൺസുലേറ്റ് സിസിഡബ്ല്യൂഎ മെമ്പർ ആയ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണ്.