മനാമ– ഗൾഫിലെ വാണിജ്യ പ്രമുഖനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ ബഹ്‌റൈനിലെ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു. യൂസഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. ബഹ്‌റൈന്റെ നിലവിലെ സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം സാമൂഹിക രംഗങ്ങളിലും സജീവമായിരുന്നു. 1890 ൽ സ്ഥാപിതമായ കാനൂ ഗ്രൂപ്പ് – ഗൾഫിലും മറ്റ് രാജ്യങ്ങളിലും വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഗൾഫിലെ പ്രമുഖ കുടുംബ ബിസിനസുകളിൽ ഒന്നാണ് കാനൂ ഗ്രൂപ്പ്. ബഹ്‌റൈനിലും യുഎസിലുമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം (AMP) പൂർത്തിയാക്കി, ആഗോള ബിസിനസുകളെ കുറിച്ച് മനസ്സിലാക്കിയിരുന്നു.
ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു. പ്രധാന ബാങ്കുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും ബോർഡുകളിൽ സ്ഥാനങ്ങളും വഹിച്ചിരുന്നു. കൂടാതെ ബഹ്‌റൈൻ ടൂറിസം, സാംസ്കാരിക, പൈതൃക മേഖലകളിലും സജീവ പങ്കാളിയായിരുന്നു.
വിദ്യാഭ്യാസം, കല, സാമൂഹിക സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 1998-ൽ യൂസഫ് ബിൻ അഹമ്മദ് കാനൂ അവാർഡ് ഫോർ വോളണ്ടറി വർക്ക് സ്ഥാപിക്കുന്നതിലും മുൻകൈ എടുത്തു. കാനൂ കുടുംബത്തിന്റെ ബിസിനസ്സിലെ പാരമ്പര്യത്തെ കുറിച്ചു പറയുന്ന ‘ദി ഹൗസ് ഓഫ് കാനൂ എ സെഞ്ച്വറി ഓഫ് ട്രേഡ്’, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഫ്യൂച്ചർ ചലഞ്ചസ് ഫേസിംഗ് ജിസിസി ചേംബേഴ്‌സ് എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവുമാണ്.