ഹിസോർ– ഇന്ന് തിരികൊളുത്തിയ കാഫാ നേഷൻസ് കപ്പിന്റെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് ആതിഥേയരായ താജിക്കിസ്ഥാനെതിരെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ തകർപ്പൻ വിജയം തുടക്കം.
താജിക്കിസ്ഥാനിലെ ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, പുതിയ പരിശീലകൻ ഖാലിദ് ജാമിലിന്റെ നേതൃത്വത്തിൽ ആദ്യമായി കളത്തിലിറങ്ങിയ ബ്ലൂ ടൈഗേഴ്സ്, 18 വർഷത്തിനിടെ താജിക്കിസ്ഥാനെതിരെ ആദ്യ വിജയം സ്വന്തമാക്കി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ അൻവർ അലിയുടെ ഹെഡർ ഗോൾ ആക്കിക്കൊണ്ട് ഇന്ത്യയെ മുന്നിലെത്തിച്ചു. 12-ാം മിനിറ്റിൽ സന്ദേശ് ജിംഗന്റെ മറ്റൊരു ഗോളോടെ ലീഡ് ഉയർത്തി. അൻവർ അലിയുടെ അസിസ്റ്റിലൂടെയായിരുന്നു ഗോൾ പിറന്നത്. 23-ാം മിനിറ്റിൽ ഷഹ്‌റോം സമീവ് താജിക്കിസ്ഥാനായി ഒരു ഗോൾ മടക്കിയെങ്കിലും, ഇന്ത്യൻ പ്രതിരോധം ശക്തമായി നിന്ന് ലീഡ് നിലനിർത്തി. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ നിർണായക സേവുകൾ, താജിക്കിസ്ഥാന്റെ നിരവധി ആക്രമണങ്ങൾ തടഞ്ഞത്, വിജയത്തിൽ നിർണായകമായി. അവസാന സമയങ്ങളിൽ പെനാൽട്ടി നേടിയ താജികിസ്ഥാന് പക്ഷേ ഇന്ത്യൻ നായകൻ ഗുർപ്രീതിനു മുന്നിൽ അടിയറവു പറയേണ്ടി വന്നു. തകർപ്പൻ സേവിലൂടെ ഗുർപ്രീത് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
ഗ്രൂപ്പ് ബിയിൽ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഇടംനേടിയ ഇന്ത്യ, സെപ്റ്റംബർ 1-ന് ഇറാനെയും സെപ്റ്റംബർ 4-ന് അഫ്ഗാനിസ്ഥാനെയും നേരിടും. ഗ്രൂപ്പ് എ-യിൽ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഒമാൻ എന്നിവർ ഉൾപ്പെടുന്നു. ഗ്രൂപ്പ് വിജയികൾ സെപ്റ്റംബർ 8-ന് ഫൈനലിൽ മത്സരിക്കും, രണ്ടാം സ്ഥാനക്കാർ തേർഡ് പ്ലേസ് പ്ലേ-ഓഫിൽ ഏറ്റുമുട്ടും.
ഇന്ത്യൻ ഫുട്ബോൾ ടീം 133-ാം റാങ്കിലും താജിക്കിസ്ഥാൻ 106-ാം റാങ്കിലുമാണ്. 2008-ലെ എ.എഫ്.സി. ചലഞ്ച് കപ്പിൽ സുനിൽ ഛേത്രിയുടെ ഹാട്രിക്കോടെ 4-1ന് വിജയിച്ചതാണ് ഇന്ത്യയുടെ താജിക്കിസ്ഥാനെതിരായ ഏക വിജയം. അഞ്ച് മത്സരങ്ങളിൽ താജിക്കിസ്ഥാൻ മൂന്ന് തവണ ജയിക്കുകയും ഒരു മത്സരം സമനിലയിലും അവസാനിച്ചു.
ഖാലിദ് ജാമിൽ, 13 വർഷത്തിനിശേഷം ഇന്ത്യൻ ടീമിന്റെ പരിശീലകനായ ആദ്യ ഇന്ത്യക്കാരനാണ്. സുനിൽ ഛേത്രി, മോഹൻ ബഗാൻ താരങ്ങൾ എന്നിവരുടെ അഭാവത്തിലും യുവനിരയെ അണിനിരത്തി നേടിയ ജയം ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.