ന്യൂദൽഹി- ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. മെഴ്സിനറി സ്പൈ വെയർ മുന്നറിയിപ്പാണ് ആപ്പിൾ നൽകിയത്. അപരിചിതരിൽ നിന്നുള്ള ലിങ്കുകൾ ഓപണാക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. ഒരു ചെറിയ വിഭാഗത്തേയാണ് മാൽവെയർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അതേസയമം സ്പൈവെയറിനു പിന്നിൽ ശക്തായ കേന്ദ്രങ്ങളുണ്ടാകാം എന്നും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ മാൽവെയറുകളെ അപേക്ഷിച്ച് കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളാണ് മെഴ്സിനറി മാൽവെയറുകൾ സൃഷ്ടിക്കാറുള്ളത്. ആപ്പിൾ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോൺ ദൂരെയിരുന്ന നിയന്ത്രിക്കാൻ ഈ മാൽവെയറിന് സാധിക്കും.
വളരെ കുറച്ചു പേരെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനാലും ചുരുങ്ങിയ സമയം മാത്രമേ ആക്രമണം ഉണ്ടാകൂ എന്നുള്ളതിനാലും അവ കണ്ടെത്തി തടയുക എന്നത് പ്രയാസകരമാണ്. പത്രപ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ എന്നിവരായിരിക്കും മാൽവെയറിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.
അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്‍റുകളോ തുറക്കരുതെന്നും കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നത് ഹാക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആപ്പിൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഏറെ ചിലവേറിയ ആക്രമണമാണിത്. അതിനാൽ തന്നെ ഏതെങ്കിലും ഭരണകൂടത്തിന്റെയോ സ്വാധീനമുള്ള വ്യക്തികളുടെയോ പിന്തുണയോടെയാണ് മെഴ്സിനറി മാൽവെയറുകളുടെ ആക്രമണം നടക്കാറുള്ളത്.