തെൽ അവീവ്: ഗാസയിൽ പട്ടിണി നിലനിൽക്കുന്നതായി ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി.) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു.
ഐ.പി.സി.യുടെ “വ്യാജ” റിപ്പോർട്ട് പിൻവലിച്ച് പുതിയ പ്രസ്താവന പുറപ്പെടുവിക്കണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ ഡയറക്ടർ ജനറൽ ഈഡൻ ബാർ-താൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയതാണെന്നും ഇത് ഹമാസിന്റെ “പട്ടിണി പ്രചാരണ”ത്തെ പിന്തുണക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഐ.പി.സി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് പിൻവലിച്ചില്ലെങ്കിൽ, ഇസ്രായേൽ ഐ.പി.സി.യുടെ ധനസഹായ ദാതാക്കളുമായി “നിയമലംഘന” തെളിവുകൾ പങ്കിടുമെന്ന് ബാർ-താൽ മുന്നറിയിപ്പ് നൽകി. ഭാഗിക ഡാറ്റയും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ടിലെ ഫലങ്ങള്‍ എന്ന് ഗാസയിലേക്കുള്ള സഹായ വിതരണം ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുള്ള ഇസ്രായിലി കോര്‍ഡിനേറ്റര്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദി ടെറിട്ടറീസ് പ്രസ്താവിച്ചു.
ഗാസയിൽ 5 ലക്ഷത്തിലധികം ആളുകൾ “വിനാശകരമായ” പട്ടിണി നേരിടുന്നുവെന്ന ഐ.പി.സി. റിപ്പോർട്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ ഉപരോധവും ഭക്ഷ്യസഹായ തടസ്സവുമാണ് പട്ടിണിക്ക് കാരണമെന്ന് യു.എൻ. ആരോപിച്ചു. എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ കണ്ടെത്തലുകളെ “നഗ്നമായ നുണ” എന്ന് വിശേഷിപ്പിച്ചു.