ഗാസ: ഗാസ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രസ്താവനകൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകളുടെ ആവർത്തനം മാത്രമാണെന്നും ചർച്ചകളുടെ സ്തംഭനത്തിന്റെ യഥാർഥ കാരണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ-റിഷ്ഖ് ആരോപിച്ചു. വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെ ഇസ്രായേലാണ് വെടിനിർത്തൽ കരാർ തടസ്സപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ നിർദേശിച്ച 60 ദിവസത്തെ വെടിനിർത്തൽ പദ്ധതി ഹമാസ് പത്ത് ദിവസം മുമ്പ് അംഗീകരിച്ചിരുന്നു, എന്നാൽ ഇസ്രായേൽ അത് അവഗണിച്ച് ഗാസയിൽ സൈനിക നീക്കം ശക്തമാക്കി, നഗരം തകർക്കുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു.
വിറ്റ്‌കോഫിന്റെ പ്രസ്താവനകൾ, യു.എസ്. ഭരണകൂടത്തിന്റെ ഇസ്രായേൽ പക്ഷപാതവും നെതന്യാഹുവിന്റെ ആക്രമണങ്ങൾക്ക് നൽകുന്ന പിന്തുണയുമാണ് വെളിവാക്കുന്നതെന്ന് അൽ-റിഷ്ഖ് കുറ്റപ്പെടുത്തി. ഇസ്രായേൽ മുമ്പ് സമ്മതിച്ച 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.