കുവൈത്ത് സിറ്റി– സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ തൊഴിൽ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ് ഈടാക്കാൻ പദ്ധതിയിട്ട് കുവൈത്ത്. സ്വദേശികൾ പൊതുമേഖലാ തൊഴിലുകളെ ആശ്രയിക്കുന്നത് കുറക്കാനും കുവൈത്തി യുവതീയുവാക്കൾക്ക് അവസരങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ പുതിയ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് വ്യക്തമാക്കിയതായി കുവൈത്ത് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സ്വദേശിവത്കരണം കുവൈത്ത് വിഷൻ-2035ന്റെ പ്രധാന ലക്ഷ്യമാണെന്ന് മാനവ വിഭവശേഷി വകുപ്പ് പബ്ലിക് റിലേഷൻ ആൻഡ് മീഡിയ ഡയറക്ടർ മുഹമ്മദ് അൽമുസൈനി പറഞ്ഞു. പുതിയ നിയമനിർമാണങ്ങൾ, പ്രത്യേക പരിശീലന പരിപാടികൾ എന്നിവയും പദ്ധതിയിൽ ഉപ്പെടുന്നു.
പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലെ ജോലിസമയം, സർക്കാർ മേഖലയിലെ ശക്തമായ തൊഴിൽ സുരക്ഷ, പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും എന്നിവ സ്വദേശികളെ സ്വകാര്യ മേഖലകളിലേക്ക് എത്തിക്കുന്നതിൽ വെല്ലുവിളി നേരിടുന്നു. ഇതിന് പരിഹാരമായി സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള വ്യത്യാസം പരിഹരിക്കുക, തൊഴിൽ പിന്തുണാ നയങ്ങൾ പരിഷ്‌കരിക്കുക, വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവ നടപ്പിലാക്കുമെന്നും അൽമുസൈനി പറഞ്ഞു.
സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി മാനവ വിഭവശേഷി ലേബർ റിലേഷൻ ഡിപ്പാർട്ട്മെന്റും രൂപീകരിച്ചിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രോത്സാഹനവും നിർദേശിച്ചിട്ടുണ്ട്. ബാങ്കിംഗ്, ധനകാര്യം, റിയൽ എസ്റ്റേറ്റ്, സേവനങ്ങൾ എന്നീ മേഖലകളിൽ വളർച്ച കൈവരിക്കുന്നതിൽ സ്വകാര്യ മേഖലയുടെ ദീർഘകാല പങ്ക് പ്രധാനമാണെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ബോർഡ് അംഗമായ മുഹന്നദ് മുഹമ്മദ് അൽസാനിഅ് പറഞ്ഞു.