മക്ക – സൗദിയിലെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക രണ്ടാം സ്ഥാനത്ത്. റിയാദാണ് ഒന്നാം സ്ഥാനത്ത്. അറബ് ലോകത്തെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക അഞ്ചാം സ്ഥാനത്തും ലോകത്തെ സ്മാര്‍ട്ട് സിറ്റികളില്‍ 52-ാം സ്ഥാനത്താണെന്നും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐ.എം.ഡി) പുറത്തിറക്കിയ സൂചിക വ്യക്തമാക്കുന്നു. മക്ക നിവാസികളുടെയും സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും പ്രതിഫലിക്കുന്ന നിലക്ക് ആഗോള തലത്തില്‍ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള മക്കയുടെ സുസജ്ജതയാണ് ഇത് വ്യക്തമാക്കുന്നത്. നിക്ഷേപത്തിനും അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ആകര്‍ഷകമായ അന്തരീക്ഷമാക്കി ഇത് പുണ്യനഗരിയെ മാറ്റുന്നു.
വിശുദ്ധ മക്കയില്‍ നല്‍കുന്ന സേവനങ്ങള്‍ സുസ്ഥിര നഗര അന്തരീക്ഷം സൃഷ്ടിക്കാനും സേവന നിലവാരം ഉയര്‍ത്താനും സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കാനും മക്കയില്‍ ലഭ്യമായ വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിച്ചിട്ടുണ്ട്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയും മക്ക റോയല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ലോഭ പിന്തുണയുടെയും മുഴുവന്‍ വകുപ്പുകളും നടത്തുന്ന പരിശ്രമങ്ങളുടെയും ഫലമായാണ് ലോക സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ മുന്‍നിര സ്ഥാനം കൈവരിക്കാന്‍ മക്കക്ക് സാധിച്ചതെന്ന് മക്ക റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍റശീദ് പറഞ്ഞു.
ഐ.എം.ഡി പുറത്തുവിട്ട ലോക സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ റിയാദ് അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ലോക തലത്തില്‍ 25-ാം സ്ഥാനത്തും ജിദ്ദ അറബ് ലോകത്ത് ആറാം സ്ഥാനത്തും ആഗോള തലത്തില്‍ 55-ാം സ്ഥാനത്തും മദീന അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോള തലത്തില്‍ 74-ാം സ്ഥാനത്തും അല്‍കോബാര്‍ ആഗോള തലത്തില്‍ 99-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ സൗദിയില്‍ നിന്ന് നാലു നഗരങ്ങളാണുണ്ടായിരുന്നത്. ഇത്തവണ ഇത് അഞ്ചായി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം റിയാദ് അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോള തലത്തില്‍ 30-ാം സ്ഥാനത്തും മക്ക അറബ് ലോകത്ത് നാലാം സ്ഥാനത്തും ആഗോള തലത്തില്‍ 52-ാം സ്ഥാനത്തും മദീന അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോള തലത്തില്‍ 85-ാം സ്ഥാനത്തും ജിദ്ദ അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തും ആഗോള തലത്തില്‍ 56-ാം സ്ഥാനത്തുമായിരുന്നു.