മാഞ്ചസ്റ്റർ – ഗതി പിടിക്കാതെ അലയുന്ന പ്രേതത്തിനെ പോലെയാണ് നിലവിൽ ചെകുത്താന്മാരുടെ അവസ്ഥ. കരബോവ കപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ നാലാം ഡിവിഷൻ ക്ലബ്ബായ ഗ്രിംസ്ബി ടൗണിനോട് തോറ്റു പുറത്തായിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇരു ടീമുകളും രണ്ട് ഗോളുകൾ അടിച്ചു തുല്യത പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു (12-11) കുഞ്ഞൻമാരുടെ ജയം.
ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായി രണ്ടു ഗോളുകൾ തിരിച്ചടിച്ചു ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഗ്രിംസ്ബിക്ക് വേണ്ടി ചാൾസ് വെർനാമും, ടൈറൽ വാറനും ഗോളുകൾ നേടിയപ്പോൾ ചെകുത്താന്മാർക്ക് വേണ്ടി ബ്രയാൻ എംബ്യൂമോ, ഹാരി മാഗ്വയർ എന്നിവരാണ് ഗോൾ നേടിയത്.
ഗ്രിംസ്ബിയുടെ തട്ടകമായ ബ്ലണ്ടെൽ പാർക്കിൽ അരങ്ങേറിയ മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി ബെഞ്ചമിൻ സെസ്‌കോ ആദ്യമായി ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ ഗോൾകീപ്പർ ആന്ദ്രേ ഒനാന മത്സരത്തിലേക്ക് തിരിച്ചുവന്നു. 22 മിനുറ്റിൽ വെർനാമിന്റെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തി. മുപ്പതാം മിനിറ്റിൽ ലഭിച്ച കോർണറിൽ ഒനാനക്ക് പറ്റിയ പിഴവു മുതലെടുത്ത്
ഡിഫൻഡർ വാറനും കൂടി ഗോൾ നേടിയതോടെ നാലാം ഡിവിഷൻ ക്ലബ്ബിന്റെ ലീഡ് വർദ്ധിച്ചു.
രണ്ടാം പകുതിയിൽ ഡിലൈറ്റ്, ബ്രൂണോ ഫെർണാണ്ടസ്, എംബ്യൂമോ എന്നിവരെ കളത്തിൽ ഇറക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. 65 മിനുറ്റിൽ മൗണ്ടിനെ കൂടി കളത്തിൽ എത്തിച്ചതോടെ മത്സരത്തിന്റെ ഗതി മാറി. ഇതിനിടയിൽ ഗ്രിംസ്ബി ഒരിക്കൽ കൂടി പന്തു വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു.
75 മിനുറ്റിൽ ബോക്സിന്റെ പുറത്തുനിന്നുള്ള ഷോട്ടിലൂടെ എംബ്യൂമോ യുണൈറ്റഡ് ജേഴ്‌സിയിലെ ആദ്യ ഗോൾ നേടി. ചെകുത്താന്മാർക്ക് വേണ്ടി ഈ സീസണിൽ ഗോൾ നേടുന്ന
ആദ്യ താരവുമായി എംബ്യൂമോ മാറി. കഴിഞ്ഞ ലീഗ് മത്സരത്തിൽ സെൽഫ് ഗോളായിരുന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ കോർണറിലൂടെ ഹെഡർ ഗോൾ നേടി യുണൈറ്റഡിനെ ഒപ്പമെത്തിച്ച് പ്രതീക്ഷകൾ നൽകി.
പെനാൽറ്റിയിലേക്ക് കടന്ന മത്സരത്തിൽ ഇരു ടീമിലെയും മുഴുവൻ താരങ്ങൾ പെനാൽറ്റി എടുത്തു. യുണൈറ്റഡിന്റെ കുൻഹ എതിരാളികളുടെ ഒമോണ്ടി ഒഡൂർ എന്നിവർക്ക് പിഴച്ചപ്പോൾ മത്സരം സഡൻ ഡെത്തിലേക്ക് കടന്നു. ഇത്തവണ ഗ്രിംസ്ബി താരങ്ങൾ കൃത്യമായി വലയിൽ എത്തിച്ചു. എന്നാൽ യുണൈറ്റഡിന്റെ എംബ്യൂമോക്ക് പിഴച്ചതോടെ ചരിത്രം വിജയം പിറന്നു.
ചരിത്രത്തിൽ ആദ്യമായാണ് യുണൈറ്റഡ് ഒരു കപ്പിന്റെ ആദ്യ റൗണ്ടിൽ നാലാം ഡിവിഷൻ ക്ലബ്ബിനോട് തോറ്റു പുറത്താക്കുന്നത്. ഇതോടെ മാനേജരായ റുബേൻ അമോറിമിനെ പുറത്താക്കാൻ ആരാധകരുടെ ഇടയിൽ നിന്ന് ശബ്ദം ഉയരുന്നുണ്ട്.
മറ്റു മത്സരങ്ങൾ
എവർട്ടൺ – 2 ( കാർലോസ് അൽകാരാസ് – 51/ ബെറ്റോ -90)
മാൻസ്ഫീൽഡ് ടൗൺ – 0
ഫുൾഹാം – 2 ( ജോർജ്ജ് ടാനർ – 8 – സെൽഫ്/ ജിമിനെസ് – 21)
ബ്രിസ്റ്റോൾ സിറ്റി– 0
ഓക്സ്ഫോർഡ് യുണൈറ്റഡ് – 0
ബ്രൈറ്റൺ – 6 ( ഒലിവിയർ ബോസ്കാഗ്ലി – 13/ ബ്രജൻ ഗ്രുഡ – 20 / ഡീഗോ ഗോമസ് – 60 / സ്റ്റെഫാനോസ് സിമാസ് – 71,77/ ടോം വാട്സൺ – 86)