തിരുവനന്തപുരം– വടകരയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്. ഡിവൈഎഫ്‌ഐ നടത്തിയത് സമരാഭാസവും അസഭ്യവര്‍ഷവുമാണെന്നും ഇത് ജനാധിപത്യവിരുദ്ധവും മര്യാദകേടുമാണെന്നും അദ്ദേഹം വിശദീകരിച്ചു. ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനെതിരെയാണ് സിപിഎം ക്രിമിനലുകളല്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്ന് എടുത്തുപറഞ്ഞ പ്രതിപക്ഷനേതാവ് ഷാഫിക്കെതിരെ സിപിഎം നടത്തുന്ന മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പെട്ട എല്‍ഡിഎഫ് നേതാക്കള്‍ റോഡിലിറങ്ങില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ”ഷാഫി പറമ്പില്‍ എം.പിക്കെതിരെ സി.പിഎം- ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ നടത്തിയ അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യവിരുദ്ധവും മര്യാദകേടുമാണ്. സി.പി.എമ്മിന്റെ നുണപ്രചരണങ്ങളും വ്യാജസ്‌ക്രീന്‍ ഷോട്ടുകളും തള്ളിക്കളഞ്ഞ വടകരയിലെ ജനങ്ങള്‍ ഉജ്ജ്വല ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാണ് ഷാഫി പറമ്പില്‍. പിണറായി വിജയന്‍ സര്‍ക്കാരും സി.പി.എമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഡനീക്കമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നില്‍. ഇതിനൊക്കെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അറിയാമെന്നതു മറക്കരുത്. ഷാഫിക്കെതിരെ സി.പി.എം നടത്തുന്ന മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍.ഡി.എഫ് നേതാക്കളും റോഡിലിറങ്ങില്ല.
ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സി.പി.എം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ക്ഷമയും ജനാധിപത്യ ബോധ്യവും ദൗര്‍ബല്യമായി കണരുത്. ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കും.”