ദോഹ– ഗാസയിലെ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിലിന്റെ പ്രതികരണത്തിനായി ഇപ്പഴും കാത്തിരിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. ബാക്കിയുള്ള ഇസ്രായിലി ബന്ദികളെ കൈമാറാനും വെടിനിർത്തലിനുമുള്ള കരാർ ഒരാഴ്ച മുമ്പ് ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയിൽ വെടിനിർത്തൽ കരാറിനായി ഖത്തറും ഈജിപ്തും നേരിട്ടല്ലാതെ ഇടപെടൽ നടത്തുന്നുണ്ട്. ഇതുവരെയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. പുതിയ കരാറിൽ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ, തടവുകാരുടെയും ബന്ദികളുടെയും മോചനം, മാനുഷിക സഹായ വിതരണം എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇസ്രായിൽ നിന്ന് ഇപ്പോൾ കേൾക്കുന്ന പ്രസ്താവനകൾ ഒട്ടും ആത്മവിശ്വാസം നൽകുന്നില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
അതേ സമയം ഗാസയിൽ മാധ്യമ പ്രവർത്തകരെ ലക്ഷ്യം വെച്ച് ഇസ്രായിൽ നടത്തുന്ന ആക്രമണം സത്യത്തെ മറച്ചുവെക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായിൽ സേനക്ക് ഒന്നും മറക്കാനില്ലെങ്കിൽ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നതിന് പകരം അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഗാസയിൽ പ്രവേശനം അനുവദിക്കണമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ 5 മാധ്യമ പ്രവർത്തകരടക്കം 20 ആളുകളാണ് കൊല്ലപ്പെട്ടത്.