ഹൂസ്റ്റൺ: അമേരിക്കയിൽ മനുഷ്യരിൽ ആദ്യമായി ‘ന്യൂ വേൾഡ് സ്ക്രൂവേം’ അണുബാധ റിപ്പോർട്ട് ചെയ്തു. മാംസം ഭക്ഷിക്കുന്ന ഒരുതരം പരാദമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ ആദ്യമായാണ് മനുഷ്യരിൽ സ്ഥിരീകരിക്കുന്നത്. ആരോഗ്യ-മനുഷ്യ സേവന വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും സാധാരണയായി കാണപ്പെടുന്ന ഒരിനം പരാദമാണിത്.
എൽ സാൽവഡോർ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയ മേരിലാൻഡിലെ ഒരു രോഗിയിലാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പൊതുജനാരോഗ്യത്തിന് നിലവിൽ വളരെ ചെറിയ അപകടസാധ്യത മാത്രമേയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സ്ക്രൂവേം അണുബാധ വളരെ വേദനാജനകമാണ്. ശരീരത്തിൽ കാണുന്ന മുറിവുകളിലൂടെയാണ് ഇവ അകത്തേക്ക് പ്രവേശിക്കുക. അണുബാധയുണ്ടെന്ന് സംശയിച്ചാൽ ഉടനടി ഡോക്ടറെ സമീപിക്കണമെന്ന് CDC നിർദ്ദേശിക്കുന്നു. സ്വയം ഇവയെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അപകടകരമാണ്.