മുംബൈ: വർഷങ്ങളായി, നിരവധി പ്രമുഖ ബ്രാൻഡുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്‌പോൺസർ ചെയ്യാൻ വലിയ തുക മുതൽമുടക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നിനെ സ്‌പോൺ ചെയ്യുക വഴി ബ്രാൻഡുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ ടീമിന്റെ ജഴ്‌സിയിൽ പേര് വരുത്തിയ മിക്ക ബ്രാൻഡുകൾക്കും പിന്നീട് തിരിച്ചടികൾ നേരിട്ടു എന്നത് ചരിത്രം. കേന്ദ്ര സർക്കാറിന്റെ പുതിയ നയങ്ങൾക്കു പിന്നാലെ ഡ്രീം11-മായുള്ള സ്‌പോൺസർഷിപ്പ് കരാർ ബിസിസിഐ റദ്ദാക്കുന്നതോടെ ഈ ‘ശാപം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
വിൽസ് – ആദ്യത്തെ സ്‌പോൺസർ
1996-ലെ ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സിയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ പ്രധാന സ്‌പോൺസർ ആയിരുന്നു പ്രമുഖ സിഗരറ്റ് ബ്രാൻഡ് ആയിരുന്ന വിൽസ്. ‘വിൽസ് ഇന്ത്യൻ ടീം’ എന്ന പരസ്യ വാചകമടക്കം സ്‌പോൺസർഷിപ്പിലൂടെ വിൽസിന് വൻ ദൃശ്യതയാണ് ലഭിച്ചത്. എന്നാൽ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയതോടെ വിൽസിന് ഇന്ത്യൻ ടീമിന്റെ ജഴ്‌സിയിൽ നിന്ന് പിന്മാറേണ്ടി വന്നു.
സഹാറ – നേരിട്ടത് വലിയ തകർച്ച
2001-ൽ വ്യോമയാന മേഖലയടക്കം നിരവധി ബിസിനസുകൾ സ്വന്തമായുണ്ടായിരുന്ന സഹാറ ഗ്രൂപ്പ് ടീം ഇന്ത്യയുടെ പ്രധാന സ്‌പോൺസറായി. 2013 വരെ തുടർന്നു. എന്നാൽ, സാമ്പത്തിക ക്രമക്കേടിൽ പെട്ട് സഹാറ വീഴുന്നതാണ് പിന്നീട് കണ്ടത്. ഏകദേശം 3 കോടി നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സഹാറയോട് സുപ്രീം കോടതി ഉത്തരവിട്ടു. അങ്ങനെ ഒരു കാലത്ത് ഇന്ത്യയിലെ പ്രധാന ബിസിനസ് സാമ്രാജ്യമായിരുന്ന സഹാറയ്ക്ക് കരിപുരണ്ട അന്ത്യമായി.
സ്റ്റാർ ടിവി – വിമർശനങ്ങളും പടിയിറക്കവും
സഹാറയ്ക്ക് ശേഷം, സ്റ്റാർ ഇന്ത്യ ടീം സ്‌പോൺസറായി. ഒപ്പം മത്സരങ്ങളുടെ സംപ്രേഷണ അവകാശവും സ്വന്തമാക്കി. ടീമിന്റെ സ്‌പോൺസർഷിപ്പിലും സംപ്രേഷണ അവകാശത്തിലും സ്റ്റാറിന് ഉള്ള അമിത നിയന്ത്രണം കടുത്ത വിമർശനങ്ങൾക്ക് കാരണമായി. ഡിസ്‌നിയുടെ ഏറ്റെടുക്കലിനും ജിയോയുമായുള്ള സ്ട്രീമിംഗ് മത്സരത്തിനും ശേഷം, ലാഭം കുറഞ്ഞതോടെ ഇന്ത്യൻ ജഴസിയിൽ നിന്ന് സ്റ്റാർ പിന്മാറി.
ഓപ്പോ, ബൈജൂസ് – ആഗോള പിരിമുറുക്കങ്ങൾ, മോശം ബിസിനസ്
2017-ൽ ചൈനീസ് ഫോൺ കമ്പനിയായ ഓപ്പോ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തു. എന്നാൽ, ഇന്ത്യ-ചൈന പിരിമുറുക്കങ്ങളെയും ഗൽവാൻ സംഘർഷത്തെയും തുടർന്ന് ചൈനീസ് കമ്പനികൾക്കു മേൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഓപ്പോയ്ക്ക് പിന്മാറേണ്ടി വന്നു.
ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് ഞെട്ടിക്കുന്ന വളർച്ച കൈവരിക്കുന്ന ബൈജൂസിന്റേതായിരുന്നു അടുത്ത ഊഴം. 55 മില്യൺ ഡോളറിന്റെ വൻകരാറാണ് ബിസിസിഐയും ബൈജൂസും തമ്മിൽ ഒപ്പുവച്ചത്. എന്നാൽ, ആ കമ്പനിക്കും അധികകാലം പിടിച്ചുനിൽക്കാനായില്ല. സാമ്പത്തിക നഷ്ടം, വൻതോതിലുള്ള പിരിച്ചുവിടൽ, ഉപഭോക്താക്കളുടെയും മുൻ ജോലിക്കാരുടെയും വിമർശനങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളിൽ ബൈജൂസ് തകർച്ചയെ നേരിട്ടു. ഒടുവിൽ, അവരും ഇന്ത്യൻ ക്രിക്കറ്റുമായുള്ള ബന്ധം വിച്ഛേദിച്ചു.
ഡ്രീം11 – പുതിയ പ്രശ്‌നങ്ങൾ
2023-ൽ ഡ്രീം11 സ്‌പോൺസർഷിപ്പ് ഏറ്റെടുത്തെങ്കിലും, ഉടൻ തന്നെ വലിയ വെല്ലുവിളി നേരിട്ടു. ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനം നികുതി ചുമത്തിയത് ഫാന്റസി സ്‌പോർട്‌സ് വ്യവസായത്തെ ബാധിച്ചു. ഏറ്റവും ഒടുവിൽ കേന്ദ്ര സർക്കാർ Promotion and Regulation of Online Gaming Bill, 2025 അവതരിപ്പിച്ചതോടെ ഡ്രീം ഇലവന്റെ പ്രവർത്തനങ്ങൾ തന്നെ അവതാളത്തിലായി. ഇതിനു പിന്നാലെ ഡ്രീം 11-നുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചു.
ശാപമോ, അതോ മറ്റു വല്ലതുമോ?
മൊത്തത്തിൽ നോക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്‌പോൺസർ ചെയ്യാൻ മുന്നോട്ടു വന്നവരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്‌നത്തിലേക്കാണ് ചെന്നുവീണത് എന്നു കാണാം. എന്നാൽ, വാസ്തവത്തിൽ, ഓരോ ബ്രാൻഡിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലർ നിയമം ലംഘിച്ചു, മറ്റുള്ളവർ അപകടകരമായ ബിസിനസ് തീരുമാനങ്ങൾ എടുത്തു, ചിലരുടെ പ്രവർത്തനങ്ങളെ ആഗോള രാഷ്ട്രീയം ബാധിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് ഈ പ്രശ്‌നങ്ങളുമായി നേരിട്ടുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിനെ സ്‌പോൺസർ ചെയ്യുന്നത് ബ്രാൻഡുകൾക്ക് വലിയ ദൃശ്യതയാണ് നൽകുന്നത്. പക്ഷേ, അതോടൊപ്പം റിസ്‌കും കൂടുകയാണ്. അവരുടെ ഓരോ നീക്കവും നിരീക്ഷിക്കപ്പെടുന്നു. ഒരു തെറ്റോ ചുവടുപിഴവോ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതിനാൽ, പണം വാരിയെറിഞ്ഞ് സ്‌പോൺസർഷിപ്പ് നേടുക എന്നതിനപ്പുറം ശ്രദ്ധയോടെ മുന്നേറണമെന്ന സന്ദേശമാണ് ഈ സംഭവങ്ങൾ ബ്രാൻഡുകൾക്ക് നൽകുന്നത്.