ദുബൈ– യു എ ഇയിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളും സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. രാജ്യത്തുടനീളം പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്ദേശം നൽകിയത്.
“ഓരോ സ്കൂൾ ദിനവും പുതിയ എന്തെങ്കിലും പഠിക്കാനും വ്യത്യസ്തമായ ഒരു നാഴികക്കല്ല് കൈവരിക്കാനും നിങ്ങളുടെ മനസ്സും അഭിലാഷങ്ങളും വികസിപ്പിക്കാനും, ലക്ഷ്യങ്ങളിലേക്ക് അടുക്കാനുമുള്ള അവസരമാണ്,” വിദ്യാർത്ഥികളെ അഭിസംബോധനം ചെയ്തുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
“നാളെ ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, രാജ്യത്തുടനീളം പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ പുനരാരംഭിക്കുന്നു. പുതിയ തുടക്കങ്ങൾ ശുഭാപ്തിവിശ്വാസം, നന്മ, പ്രതീക്ഷ എന്നിവ ഉൾക്കൊണ്ടാവണം. അധ്യയന വർഷത്തിന്റെ തുടക്കം നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊർജ്ജവും ഗതിവേഗവും, ചലനാത്മകതയും, പ്രവർത്തനവും കൊണ്ടുവരുന്നു,” അദ്ദേഹം കുറിച്ചു.
“രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിങ്ങളാണ് പ്രധാന ഘടകം. നമ്മുടെ പുരോഗതിയുടെ നട്ടെല്ലും നമ്മുടെ സ്കൂളുകളിലെ മാറ്റത്തിന്റെ ഏജന്റുകളുമാണ് നിങ്ങൾ. വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ അറിവ് നിറയ്ക്കുക മാത്രമല്ല, ജിജ്ഞാസ ജ്വലിപ്പിക്കുകയും, അഭിലാഷത്തിന് ഇന്ധനം നൽകുകയും, പഠനത്തോടുള്ള അഭിനിവേശം ജ്വലിപ്പിക്കുകയും വേണം.”അധ്യാപകരോടുള്ള സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, വിശാലമായ വിദ്യാഭ്യാസ സമൂഹത്തിനും വിജയകരമായ ഒരു അധ്യയന വർഷം ആശംസിച്ചുകൊണ്ടാണ് ശൈഖ് മുഹമ്മദ് ഉപസംഹരിച്ചത്.