തെല്‍അവീവ് – ഇറാനെതിരെ അക്രമണം പുറപ്പെടുവിക്കാനൊരുങ്ങി ഇസ്രായിൽ. ഇറാനെ ആക്രമിക്കാനുള്ള നീക്കങ്ങൾക്ക് അനുവദിക്കണമെന്ന് ഇസ്രായില്‍ അമേരിക്കയോട് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തങ്ങള്‍ അനുഭവിച്ച അപമാനകരമായ സൈനിക നടപടികള്‍ക്ക് പ്രതികാര നടപടി സ്വീകരിക്കാന്‍ ഇസ്രായിൽ തയാറെടുക്കുകയാണെന്നാണ് വിവരം.
ജൂണില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ സൈനിക ശേഷിയുടെ വലിയൊരു ഭാഗം തകര്‍ന്നിരിക്കുന്ന നിലവിലെ അവസ്ഥയും കണക്കിലെടുത്ത് ഇറാനെതിരെ മുന്‍കൂര്‍ ആക്രമണം നടത്തണമെന്നാണ് ഇസ്രായില്‍ ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ കാര്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ഗവേഷകനും ഇസ്രായില്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഉദ്യോഗസ്ഥനുമായ കേണല്‍ ജാക് നെരിയ വെളിപ്പെടുത്തി.
ഇസ്രായിലും ഇറാനും തമ്മില്‍ മറ്റൊരു റൗണ്ട് യുദ്ധം നടക്കുമെന്നതില്‍ സംശയമില്ലെന്ന് ഇസ്രായിലിന്റെ എഫ്-103 റേഡിയോ സ്റ്റേഷനോട് സംസാരിച്ച നെരിയ പറഞ്ഞു. ഇറാനില്‍ പ്രതികാര നടപടി എന്ന ആശയം പക്വത പ്രാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാരണം അവര്‍ക്ക് അപമാനത്തിന്റെ വികാരത്തോടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയില്ല. ജൂണില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം ആദ്യമായി, ഒമാന്‍ ഉള്‍ക്കടലിലും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇറാന്‍ ഇയാഴ്ച നടത്തിയ നാവിക പരിശീലനങ്ങളില്‍ അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍, ഡ്രോണുകള്‍, സാങ്കേതിക യുദ്ധ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ ഉദ്ദേശ്യങ്ങളുടെ വ്യക്തമായ പരസ്യ പ്രകടനമാണിത്.
ലെബനോനിലെ ഹിസ്ബുല്ല തങ്ങളുടെ അംഗങ്ങളോട് മൊബൈല്‍ ഫോണുകളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന വിശ്വാസത്തിന് കാരണമാകുന്നു. പുതിയ സുരക്ഷാ ധാരണാ കരാര്‍ ഒപ്പുവെക്കാനായി ഇസ്രായിലും സിറിയയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഇന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇറാനെ അസ്വസ്ഥമാക്കുന്നു. ഇസ്രായിലുമായുള്ള സൗഹൃദത്തിന് വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹത്തെ മനസ്സിലാക്കിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായും കേണല്‍ ജാക് നെരിയ പറഞ്ഞു.
ഇറാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് മറുപടിയായി, ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്‌സ് കഴിഞ്ഞ ആഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ജൂണിലെ യുദ്ധത്തിനിടെ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ വധിക്കാന്‍ ഇസ്രായില്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു മാസത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട അലി ഖാംനഇ, ജനങ്ങളും ഉദ്യോഗസ്ഥരും സായുധ സേനയും തമ്മിലുള്ള ഐക്യവും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായി നില്‍ക്കുന്നതിനാലും ഇറാന്‍ ജനതയെയും ഇസ്‌ലാമിക ഭരണകൂടത്തെയും മുട്ടുകുത്തിക്കാന്‍ കഴിയില്ലെന്ന് ഇറാന്റെ ശത്രുക്കള്‍ തിരിച്ചറിഞ്ഞതായും പറഞ്ഞു.
യുദ്ധ സിദ്ധാന്തത്തില്‍ മാറ്റം വരുത്തിയ ഇസ്രായില്‍, ആക്രമണം നടത്താന്‍ ഇനി കൂടുതൽ കാത്തിരിക്കാതെ ഇറാനെതിരെ കടുത്ത മുന്‍കരുതല്‍ ആക്രമണം നടത്താനുള്ള സാധ്യത പരിഗണിക്കുകയാണെന്ന് തെല്‍അവീവിലെ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കപച്ചക്കൊടി കാണിക്കാത്തതാണ് ഇതിന് തടസ്സം. ജൂണ്‍ മധ്യത്തില്‍ യുദ്ധത്തിന്റെ അവസാനത്തില്‍ സംഭവിച്ചതു പോലെ, ഈ ആക്രമണം നടത്തുന്നതില്‍ ട്രംപ് ഭരണകൂടത്തെ പങ്കാളിയാക്കാന്‍ ഇസ്രായില്‍ ശ്രമിക്കുന്നു. ഇത് അംഗീകരിച്ചില്ലെങ്കില്‍, ഒറ്റക്ക് ആക്രമണം നടത്തുന്നതിനുള്ള അനുമതിക്കായി അമേരിക്കയെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഇസ്രായില്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഇറാനെതിരെ പുതിയ ആക്രമണം നടത്തുമെന്ന് ഇസ്രായില്‍ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ രണ്ടാഴ്ച മുമ്പ് ഭീഷണി മുഴക്കിയിരുന്നു. ആവശ്യമെങ്കില്‍, പൂര്‍ണ ശക്തിയോടെ ഇറാനെതിരെ വീണ്ടും എങ്ങിനെ ആക്രമിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. ഇറാനുമായുള്ള അവസാന യുദ്ധം ഇസ്രായില്‍ നേരിട്ട അസ്തിത്വ ഭീഷണി ഇല്ലാതാക്കാനുള്ള മുന്‍കരുതല്‍ നടപടിയായിരുന്നു. ഈ ഭീഷണി താല്‍ക്കാലികമായി നിര്‍ത്താന്‍ യുദ്ധം സഹായിച്ചു. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ശേഷികള്‍ ആര്‍ജിക്കാന്‍ ശത്രുക്കളെ ഇസ്രായില്‍ അനുവദിക്കില്ലെന്നും ഇയാല്‍ സാമിര്‍ പറഞ്ഞു.
ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ബെയ്‌റൂത്ത് സന്ദര്‍ശിച്ച്, തെക്കന്‍ ലെബനോനില്‍ ഇസ്രായിലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രായിലിനെ ആക്രമിക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇസ്രായില്‍ വേട്ടമൃഗമാണെന്ന് അലി ലാരിജാനി വിശേഷിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇറാനെതിരെ പുതിയ ആക്രമണം നടത്തുമെന്ന് ഇസ്രായില്‍ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ ഭീഷണി മുഴക്കിയത്.