തിരുവനന്തപുരം– കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി നിലവിലെ റണ്ണേഴ്സാപ്പായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ട്രിവാൻഡ്രം അദാനി റോയൽസിനെതിരെ ഒരു ഓവർ ബാക്കി നിൽക്കെ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ഓൾ റൗണ്ടർ പ്രകടനം കാഴ്ചവച്ച അഖിൽ സഖരിയയാണ് കാലിക്കറ്റിന്റെ വിജയ ശില്പി.
ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ട്രിവാൻഡ്രം ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണപ്രസാദ് ( 54 പന്തിൽ 78 റൺസ് ),അബ്ദുൽ ബാസിത് (24 റൺസ് ), സുബിൻ (23 റൺസ് ) എന്നിവരുടെ മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 173 എന്ന മികച്ച സ്കോർ നേടാനായി. കാലിക്കറ്റ് നിരയിൽ അഖിൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ മോനു കൃഷ്ണ രണ്ടും മനു കൃഷ്ണൻ ഒരു വിക്കറ്റും വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാലിക്കറ്റ് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹൻ കുന്നമൽ ആക്രമിച്ച് കളിച്ചെങ്കിലും അവസാന 12 റൺസുമായി പുറത്തായി.
മറ്റൊരു ഓപ്പണറായ സുരേഷ് സച്ചിനും (32 പന്തിൽ 28 റൺസ് ) വൺഡൗണായി ഇറങ്ങിയ അജ്നാസും ( 12 പന്തിൽ അഞ്ചു റൺസ്) ടെസ്റ്റ് ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഒരു ഘട്ടത്തിൽ പത്തു ഓവറിൽ 106 ജയത്തിനായി ആവശ്യമുണ്ടായിരുന്നു.
എന്നാൽ പിന്നീട് ക്രീസിൽ എത്തിയ അഖിൽ ആറും സിക്സും മൂന്ന് ഫോറുമടക്കം പുറത്താകാതെ 32 പന്തിൽ നിന്ന് 68 റൺസുമായി വെടിക്കെട്ട് ബാറ്റിങ്ങുമായി ഒരു വശത്തു നിന്നു. മറുവശത്തു അഖിലിന് ഉറച്ച പിന്തുണയുമായി സൽമാൻ നിസാറും നിന്നതോടെ വിജയം എളുപ്പമായി. നിസാർ 34 പന്തുകളിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം പുറത്താക്കാതെ 51 റൺസാണ് അടിച്ചെടുത്തത്. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 54 പന്തുകളിൽ നിന്ന് 106 റൺസാണ് അടിച്ചെടുത്തത്.
ഇന്നലെ നടന്ന മത്സരത്തിൽ തൃശ്ശൂരിനെതിരെ 9 റൺസിന് പരാജയപ്പെട്ടിരുന്ന കാലിക്കറ്റിന് വിജയം അനിവാര്യമായിരുന്നു. കഴിഞ്ഞവർഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനായി വന്ന കാലിക്കറ്റിന് ഈ വിജയം പ്രതീക്ഷകൾ നൽകുന്നുണ്ട്.