ദോഹ– ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് തൃശൂർ പൂർവ്വവിദ്യാർഥികൾ ഖത്തർ ഘടകം (ക്യൂജിഇടി ) സംഘടിപ്പിക്കുന്ന എൻജീനിയേഴ്‌സ് സമ്മിറ്റ് (ക്യൂഇഎസ്ടി )ഒക്ടോബർ 12ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വെസ്റ്റ് ബേയിലുള്ള ഹോട്ടൽ പുൾമൻ ഹോട്ടലിൽ വൈകുന്നേരം 3.30 മുതൽ 9 മണിവരെയാണ് പരുപാടി നടക്കുക. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്യും. ‘നിർമ്മിത ബുദ്ധി പദ്ധതിയുടെ നിർവഹണത്തിലും സാങ്കേതികവിദ്യയിലും’ എന്ന വിഷയത്തിലാണ് സമ്മിറ്റ് നടക്കുന്നത്. വ്യത്യസ്ത മേഖലകളിലെ മാനേജ്‌മെന്റ് രംഗത്തും എഞ്ചിനിയറിംഗ് രംഗത്തുമുള്ള നിർമിത ബുദ്ധിയുടെ ഉപയോഗവും സ്വാധീനവും സമ്മിറ്റിന്റെ ഭാഗമായി ചർച്ച ചെയ്യും.
ഡോ. സൗരഭ് മിശ്ര (ഫൗണ്ടർ ആൻഡ് സിഇഒ, ടൈയോ എഐ കാലിഫോർണിയ,യുഎസ്എ), സുഷാന്ത് കുരുന്തിൽ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻഫോപാർക്ക് ആൻഡ് സൈബർ പാർക്ക് കേരള), ഷിജാസ് അബ്ദുള്ള അബ്ദുൽ കരീം (റീജണൽ ഡയറക്ടർ എഐ ആപ്‌സ്, മൈക്രോസോഫ്റ്റ് മെഡലിസ്റ്റ് ആൻഡ് ആഫ്രിക്ക) എന്നിവർ സമ്മിറ്റിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
ഖത്തർ ഗവൺമെന്റ് മേഖല, ഓയിൽ ആൻറ് ഗ്യാസ്, പൊതു മേഖല, നിർമ്മാണ മേഖല, കൺസൾട്ടൻസി മേഖലകളിൽ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റി അമ്പതിൽ പരം വിദഗ്ദ്ധർ പരിപാടിയിൽ പങ്കെടുക്കും. ക്വസ്റ്റ് 2025ന്റെ (qest-2025) ഭാഗമായി കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവസരം ഉണ്ടാകും. സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്ത വാർത്താ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ടോമി വർക്കി, ക്ഷേമ ആൻഡ്രൂസ്, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു