റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ അൽസീസയുമായി കൂടിക്കാഴ്ച നടത്തി.
സൗദി നഗരമായ നിയോമിൽ വെച്ചായിരുന്നു ചർച്ച. ഇസ്രായിൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾ, ചെങ്കടൽ സുരക്ഷ എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ എന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രണ്ടു കൊല്ലത്തോളമായി ഇസ്രായിൽ ഗാസയിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കുന്നതിനായി അറബ്, മുസ്ലിം രാജ്യങ്ങളുടെ പിന്തുണക്ക് വേണ്ടി ഈജിപ്തും ഖത്തറും ആവശ്യപ്പെടുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ, സാമ്പത്തിക, വികസന മേഖലകളിൽ ഇരുവരും തമ്മിലുള്ള ബന്ധം വളർത്താനുള്ള കാര്യങ്ങളും ചർച്ചയുടെ ഭാഗമായി.
ഫലസ്തീൻ വിഷയത്തിൽ സൗദി സ്വീകരിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് പൂർണ പിന്തുണ പ്രസിഡന്റ് അൽസീസി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലേക്ക് തടസ്സങ്ങളില്ലാതെ സഹായങ്ങൾ എത്തിക്കാനും, ബന്ദികളെ മോചിക്കുന്നതിന്റെ ആവശ്യങ്ങളും ചർച്ചയിൽ ഇരുവരും വ്യക്തമാക്കി.