തെൽ അവീവ്: ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതിച്ചാലും ഇസ്രായേൽ സൈന്യം ഗാസ പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. “ഗാസ ഞങ്ങൾ പിടിച്ചെടുക്കും, അതിൽ യാതൊരു സംശയവുമില്ല. ഹമാസ് ഗാസയിൽ തുടരില്ല. ഇറാനും അതിന്റെ പ്രോക്സികളും ഉൾപ്പെടുന്ന ഏഴ് മുന്നണികളിലെ യുദ്ധം അവസാനത്തോടടുക്കുകയാണ്,” നെതന്യാഹു പറഞ്ഞു. ഹമാസ് ആയുധങ്ങൾ വെച്ച് ഇസ്രായേൽ ബന്ദികളെ മോചിപ്പിച്ചാൽ ഗാസയിലെ യുദ്ധം ഇന്ന് തന്നെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസ നഗരത്തിലെ ജനങ്ങളെ തെക്കോട്ട് മാറ്റുന്നതിന് തയാറെടുക്കാൻ വടക്കൻ ഗാസയിലെ മെഡിക്കൽ ഉദ്യോഗസ്ഥർക്കും അന്താരാഷ്ട്ര സംഘടനകൾക്കും ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിത്തുടങ്ങിയതായി സൈനിക വക്താവ് അറിയിച്ചു. ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെ, കഴിഞ്ഞ ദിവസങ്ങളിൽ ഗാസ നഗരവും പരിസരവും ലക്ഷ്യമിട്ട് ശക്തമായ ആക്രമണങ്ങൾ നടത്തിവരികയാണ്.