തെൽ അവീവ്: വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽ നിന്ന് വേർതിരിക്കുന്ന 3,400 ജൂത കുടിയേറ്റ ഭവന യൂണിറ്റുകൾ നിർമിക്കാനുള്ള ഇ-1 പദ്ധതിക്ക് ഇസ്രായേൽ അംഗീകാരം നൽകിയതിനെ പരാമർശിച്ച്, ഫലസ്തീൻ രാഷ്ട്രം എന്ന ആശയം പ്രവൃത്തികളിലൂടെ മായ്ക്കപ്പെടുമെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചു. കിഴക്കൻ ജറൂസലമിനും മാ’ലെ അദുമിം കുടിയേറ്റ കോളനിക്കുമിടയിലുള്ള 12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇ-1 മേഖല, ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിലെ ഏറ്റവും സങ്കീർണവും സെൻസിറ്റീവുമായ പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഇ-1 പദ്ധതി ഫലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ-1 മേഖലയിലെ കുടിയേറ്റ നിർമാണം വെസ്റ്റ് ബാങ്കിനെ വടക്കും തെക്കുമായി രണ്ടായി വിഭജിക്കും, ഇത് ഒരു പരസ്പര ബന്ധിതമായ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് അസാധ്യമാക്കും.