ഇസ്ലാമാബാദ്– പാകിസ്ഥാനിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയും പ്രളയവും 657 പേരുടെ ജീവൻ എടുത്തതായി റിപ്പോർട്ട്. മരിച്ചവരിൽ 171 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നു. 1000-ലധികം പേർക്ക് പരിക്കേറ്റതായും വാർത്തകളുണ്ട്. കഴിഞ്ഞ വർഷത്തെ മഴയെ അപേക്ഷിച്ച് 50-60 ശതമാനം അധിക മഴയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
ആഗസ്റ്റ് 22 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബറിൽ രണ്ടോ മൂന്നോ തവണ കൂടി മഴ തരംഗം ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ത്വയ്യിബ് ഷാ വ്യക്തമാക്കി. ജൂൺ 26 മുതൽ തുടരുന്ന കാലവർഷക്കെടുതിയിൽ ഇതുവരെ 929 പേർ മരിച്ചതായാണ് കണക്കുകൾ.
ഖൈബർ പക്തൺഖ്വാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്, 390 പേർ ഇവിടെ മരിച്ചു. പഞ്ചാബിൽ 164, സിന്ധിൽ 28, ബലൂചിസ്ഥാനിൽ 32, പാക് അധീന കശ്മീരിൽ 15 എന്നിങ്ങനെയാണ് മരണസംഖ്യ. സൈന്യവും പാരാമിലിട്ടറി വിഭാഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.