സിറിയയിൽ ഗൂഗിൾ സേവനങ്ങൾ പുനരാരംഭിച്ചു
റിയാദ്: സൗദി അറേബ്യയും സിറിയയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സിറിയൻ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് അൽ ശആറിന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ഇന്ന് റിയാദ് സന്ദർശിക്കുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശപ്രകാരം, ഇരുരാജ്യങ്ങളും സാമ്പത്തിക പങ്കാളിത്തവും പ്രാദേശിക സംയോജനവും വർധിപ്പിക്കാനുള്ള പ്രതിബദ്ധത ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു.
കഴിഞ്ഞ മാസം ദമാസ്കസിൽ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ശറഇന്റെ രക്ഷാകർതൃത്വത്തിൽ നടന്ന സൗദി-സിറിയൻ നിക്ഷേപ ഫോറത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം. ഫോറത്തിൽ 100-ലേറെ സൗദി കമ്പനികളും 20 സർക്കാർ വകുപ്പുകളും പങ്കെടുത്തു. റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യങ്ങൾ, ധനകാര്യം, ടെലികമ്യൂണിക്കേഷൻ, വിവരസാങ്കേതികവിദ്യ, ഊർജം, വ്യവസായം, ടൂറിസം, വ്യാപാരം, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 47 നിക്ഷേപ പദ്ധതികൾക്കായി 2,400 കോടി റിയാലിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെച്ചു. സുസ്ഥിര വികസനവും സൗദി വിഷൻ 2030 ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ഈ സന്ദർശനം സൗദി അറേബ്യയുടെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്നു.
അതിനിടെ, 2011-ലെ ജനകീയ പ്രക്ഷോഭത്തിനുശേഷം ആദ്യമായി സിറിയയിൽ ഗൂഗിൾ പരസ്യ സേവനങ്ങൾ പുനരാരംഭിച്ചു. ഗൂഗിൾ ആഡ്‌സ്, ആഡ് എക്സ്ചേഞ്ച്, ആഡ് മാനേജർ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു. ഗൂഗിളിന്റെ ആഗോള നയങ്ങൾ സിറിയൻ വിപണിക്കും ബാധകമാണെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.