കുവൈത്ത് സിറ്റി- പാര്‍ലമെന്റും ഗവണ്‍മെന്റും തമ്മിലുള്ള ശക്തമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍സ്വബാഹ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തി ഫലപ്രഖ്യാപനം പുറത്തുവന്ന് അധികം കഴിയുന്നതിനു മുമ്പായി രാജ്യത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന സമ്മേളനം മെയ് 14 ലേക്ക് നീട്ടിവെച്ച് അമീര്‍ ഉത്തരവിറക്കി. പാര്‍ലമെന്റ് സമ്മേളനം നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ തന്നെ ഇതിനെതിരെ എം.പിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മാസം 17 ന് ചേരാന്‍ തീരുമാനിച്ച സമ്മേളനമാണ് അടുത്ത മാസത്തേക്ക് നീട്ടിവെച്ചിരിക്കുന്നത്. ഏപ്രില്‍ 17 ന് പാര്‍ലമെന്റ് സമ്മേളനം ചേരാത്ത പക്ഷം ഭരണഘടനാ അധികാരം ഉപയോഗിച്ച് ഏപ്രില്‍ 18 ന് പാര്‍ലമെന്റ് സമ്മേളിക്കുമെന്ന് മുന്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമും മറ്റു എം.പിമാരും പറഞ്ഞു.
ഭരണഘടനയുടെ 106-ാം വകുപ്പ് പ്രകാരമാണ് പാര്‍ലമെന്റിന്റെ ഉദ്ഘാടന സമ്മേളനം അടുത്ത മാസത്തേക്ക് നീട്ടിവെക്കുന്നതെന്ന് അമീരി ഉത്തരവ് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഒരു മാസത്തില്‍ കവിയാത്ത കാലത്തേക്ക് നീട്ടിവെക്കാന്‍ ഭരണഘടനയുടെ 106-ാം വകുപ്പ് അനുവദിക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പായി ഭരണഘടനയുടെ 106-ാം അനുച്ഛേദം പ്രയോഗിക്കാന്‍ പാടില്ലെന്ന് മര്‍സൂഖ് അല്‍ഗാനം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഏപ്രില്‍ 17 ന് വിളിച്ച സമ്മേളനം നടന്നില്ലെങ്കില്‍ ഭരണഘടനയുടെ 86-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി രണ്ടാഴ്ച പിന്നിട്ട ശേഷമുള്ള ആദ്യ ദിവസം രാവിലെ ഭരണഘടനാ അധികാരത്താല്‍ പാര്‍മെന്റ് സമ്മേളനം വിളിച്ചതായി കണക്കാക്കുമെന്ന് മര്‍സൂഖ് അല്‍ഗാനിം പറഞ്ഞു.
അതേസമയം, പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സ്വബാഹ് അല്‍സാലിം അല്‍സ്വബാഹ് വിസമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ നാലിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഏപ്രില്‍ ആറിന് ശൈഖ് മുഹമ്മദ് സ്വബാഹ് അല്‍സാലിം അല്‍സ്വബാഹ് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍സ്വബാഹിന് രാജിസമര്‍പ്പിച്ചിരുന്നു. രാജി സ്വീകരിച്ച് ഞായറാഴ്ച അമീരി ഉത്തരവ് പുറത്തിറക്കി.
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതു വരെ അടിയന്തിര ഭരണകാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അമീര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ ഏപ്രില്‍ 17 ന് പാര്‍ലമെന്റിന്റെ ഉദ്ഘാടന സമ്മേളം വിളിച്ച് അമീരി ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ ശൈഖ് അഹ്മദ് അല്‍അബ്ദുല്ല അല്‍സ്വബാഹിനെ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശൈഖ് മുഹമ്മദ് സ്വബാഹ് അല്‍സാലിം അല്‍സ്വബാഹിനെ ജനുവരി 24 ന് ആണ് പ്രധാനമന്ത്രിയായി അമീര്‍ നിയമിച്ചത്. 50 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ഒരു വനിത അടക്കം 40 പേര്‍ പഴയ പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെയായിരുന്നു. പത്തു പേര്‍ മാത്രമാണ് പുതുമുഖങ്ങള്‍.