ജിദ്ദ – ഗാസ സംഘർഷം പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് സൗദിയും ഇറ്റലിയും. ഗാസയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
ഗാസയിലെ സംഘർഷങ്ങൾ സൃഷ്ട്ടിക്കുന്ന സുരക്ഷാ, മാനുഷിക പ്രത്യാഘാതങ്ങളും ആക്രമണങ്ങൾ ഫലമായുണ്ടാകുന്ന പ്രശ്നങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചര്‍ച്ച ചെയ്തു. സാധാരണക്കാരെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും ചർച്ചയിൽ ഉൾപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണങ്ങളും വ്യത്യസ്ത മേഖലകളില്‍ അവ വികസിപ്പിക്കാനുള്ള വഴികളും ഇരുവരും വിശകലനം ചെയ്തു.
അതേസമയം, സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അമേരിക്കന്‍, ജോര്‍ദാന്‍ വിദേശ മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് ഗാസയിലെ സംഭവവികാസങ്ങളും യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടി നടത്തേണ്ട ശ്രമങ്ങളും ചര്‍ച്ച ചെയ്തു. അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയുമായും ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദിയുമായുമാണ് ചർച്ച നടത്തിയത്.