കുവൈത്ത് സിറ്റി- പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ നാലിന് കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ പ്രഖ്യാപിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
സെപ്തംബർ നാല് വ്യാഴം ആയതിനാൽ അടുത്ത രണ്ടു ദിവസങ്ങളിലും അവധിയായിരിക്കും. അവധിക്ക് ശേഷം ഏഴിനായിരിക്കും സർക്കാർ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങുക.
പ്രത്യേക പ്രവർത്തന സമയമുള്ള സ്ഥാപനങ്ങൾ അതത് അധികാരികളുമായി ഏകോപിപ്പിച്ച് അവരുടെ അവധിക്കാല ഷെഡ്യൂളുകൾ നിർണ്ണയിക്കണം. പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിനുള്ള നിയമം 1/1993 പരിഷ്കരിക്കുന്നതിനുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി.