ഓസ്‌ലോ – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത നോര്‍വേ പ്രഖ്യാപിച്ചു. തങ്ങളുടെ പ്രദേശത്ത് പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ തയാറാണെന്ന് നോര്‍വേ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ അംഗമെന്ന നിലയില്‍, നോര്‍വേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തീരുമാനങ്ങളുമായി പൂര്‍ണമായി സഹകരിക്കാന്‍ നിയമപരമായി ബാധ്യസ്ഥമാണെന്നും നെതന്യാഹു നോര്‍വേയില്‍ പ്രവേശിച്ചാലുടന്‍ വാറണ്ട് നടപ്പാക്കുമെന്നും നോര്‍വീജിയന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി ആന്‍ഡ്രിയാസ് ക്രാവിക് പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തെ മാനിക്കുന്ന നോര്‍വേ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ കോടതിയുടെ പങ്കിനെ പിന്തുണക്കുന്നു. അന്താരാഷ്ട്ര നീതിയുടെ തത്വങ്ങളോടുള്ള നോര്‍വേയുടെ പ്രതിബദ്ധത ഈ നിലപാട് പ്രതിഫലിപ്പിക്കുന്നതായും ആന്‍ഡ്രിയാസ് ക്രാവിക് പറഞ്ഞു.
ഗാസയില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് നെതന്യാഹുവിനെതിരെ 2024 നവംബറില്‍ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് അന്താരാഷ്ട്ര നിയമത്തെ മാനിക്കുന്നതിനെയും, ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഒരു ഉദ്യോഗസ്ഥനെയും അവരുടെ പദവിയോ രാഷ്ട്രീയ നിലയോ പരിഗണിക്കാതെ പ്രോസിക്യൂട്ട് ചെയ്യണമെന്നുള്ള ഉറച്ച നയത്തെയും പ്രതിഫലിപ്പിക്കുന്നു.