ഗാസ – ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള സങ്കീര്‍ണതകള്‍ മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗാസയില്‍ മരിച്ചവരുടെ എണ്ണം 222 ആയി ഉയര്‍ന്ന ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അഞ്ചു ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഇന്ന് പറഞ്ഞു. ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ പേര്‍ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല. ഗാസയിലെ പട്ടിണിയും പോഷകാഹാരക്കുറവും എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.
ഇരുപതു ലക്ഷത്തിലേറെ ആളുകള്‍ താമസിക്കുന്ന ഗാസ, 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ജീവിത സാഹചര്യങ്ങളിലും ആരോഗ്യ സേവനങ്ങളിലും കുത്തനെയുള്ള തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വഷളാകുന്ന മാനുഷിക പ്രതിസന്ധി നേരിടുകയാണ്. മാര്‍ച്ച് രണ്ടു മുതല്‍ ഇസ്രായില്‍ ഗാസയിലേക്കുള്ള ക്രോസിംഗുകള്‍ പൂര്‍ണമായും അടച്ചുപൂട്ടി. ഗാസയില്‍ സഹായങ്ങള്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചു. ചില രാജ്യങ്ങള്‍ വ്യോമമാര്‍ഗം ഭക്ഷ്യവസ്തുക്കള്‍ ഇട്ടുനില്‍കുന്നുണ്ടെങ്കിലും, ഇവ ഗാസയിലെ ഇരുപതു ലക്ഷത്തിലേറെ വരുന്ന ആളുകളുടെ ഏറ്റവും കുറഞ്ഞ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകള്‍ പറയുന്നു.
ഗാസലെ ആരോഗ്യ, പോഷകാഹാര സ്ഥിതി വഷളാകുന്നതിനെ കുറിച്ച് അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപരോധവും അടിസ്ഥാന സാധനങ്ങളുടെ ദൗര്‍ലഭ്യവും കാരണം ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് ഇരട്ടിയായി ഉയര്‍ന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, വര്‍ക്ക്‌സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാസ നഗരത്തിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 20 ശതമാനം പേര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സ്ഥിതി വളരെ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലെ കാലതാമസം സമീപ മാസങ്ങളില്‍ നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.