പാലക്കാട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി പ്രവർത്തിച്ചതിൽ ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമിക്കേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. “ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല; ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനുള്ള കടമയാണ് നിർവഹിച്ചത്,” അദ്ദേഹം പറഞ്ഞു. കേരള സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി മതപരവും ദേശീയവുമായ സാധ്യതകൾ ഉപയോഗപ്പെടുത്തിയതായി കാന്തപുരം വെളിപ്പെടുത്തി. “അറിവിലൂടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാനാകൂ. ലോകത്ത് മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ, രാജ്യങ്ങൾ പക്ഷപാതമില്ലാതെ അവയെ എതിർക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന് ഗുണകരമായ ജീവിതം നയിക്കാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും, ജനാധിപത്യം അപകടത്തിലാകുമ്പോൾ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാൻ പൗരന്മാർക്ക് ബാധ്യതയുണ്ടെന്നും കാന്തപുരം ഓർമിപ്പിച്ചു.