ഗാസ – ഗാസയില്‍ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ 39 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 18 പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം തേടി എത്തിയവരായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 61 പേര്‍ കൊല്ലപ്പെടുകയും 363 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ ആദ്യം മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61,430 ആയി ഉയര്‍ന്നു. ഏകദേശം 1,53,000 പേര്‍ക്ക് പരിക്കേറ്റു. 9,000 ലേറെ പേരെ കാണാതായി. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കാണാതായവരിലും ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും കാരണം അഞ്ച് പേര്‍ മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടവരുടെ എണ്ണം 100 കുട്ടികള്‍ ഉള്‍പ്പെടെ 217 ആയി ഉയര്‍ന്നതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.