ന്യൂഡൽഹി– തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്കുവേണ്ടി വോട്ടുകൊള്ള നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ ‘വോട്ട് ചോരി’ വെബ്‌സൈറ്റ് ആരംഭിച്ച് കോൺഗ്രസ്. വോട്ടു കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ തെളിവുകളോടെ സമർപ്പിക്കാനും രാഹുൽ ഗാന്ധി ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തിയുമാണ് വെബ്‌സൈറ്റ് തയാറാക്കിയത്. രാജ്യത്ത് വോട്ട് മോഷ്ടിക്കുന്നവരെ തടയാനുള്ള പോരാട്ടത്തിൽ ജനങ്ങളോട് പൂർണ പിന്തുണ നൽകാനും രാഹുൽ ഗാന്ധി എക്‌സിലൂടെ അഭ്യർഥിച്ചു.
ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യത്തിന് മൂല്യത്തിനെതിരെയുള്ള ആക്രമണമാണ് വോട്ടുകൊള്ള. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് കൃത്യതയുള്ള വോട്ടർപ്പട്ടിക അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ പ്രവർത്തതനങ്ങളിൽ സുതാര്യത വരുത്താനും ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പുറത്തുവിടാനും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടുകൊള്ളയുടെ അനുഭവങ്ങൾ വെബ്‌സൈറ്റിലൂടെ തെളിവുകളും മൊബൈൽ നമ്പറും നൽകി പങ്കുവെക്കാം. ഇതിനു പുറമെ 9650003420 എന്ന നമ്പറിലൂടെയും ‘വോട്ടു ചോരി’ കാമ്പയിനിൽ പങ്കാളികളാവാം.