ജിദ്ദ- പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കുകയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെഎംസിസി നേതൃ നിരയെ സജ്ജമാക്കുന്നതിന് “പ്രവാസി സൗഹൃദ പ്രാദേശിക സർക്കാർ” എന്ന ശീർഷകത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സംഘടനാ പാർലിമെന്റ് ക്യാമ്പിൽ ജിദ്ദയിലെ വിവിധ ജില്ല , ഏരിയ, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ കെഎംസിസി സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.
പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും മുസ്ലിം രാഷ്ട്രീയ ധൈഷണിക പ്രതിഭയുമായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സി വടകര സംഘടന പാർലമെൻ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു.


സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പിന്നോക്കത്തിൻ്റെ മാറാപ്പ് ഭാണ്ഡം പേറി പള്ളിക്കൂടത്തിൻ്റെ പടി കടക്കാൻ പോലും സാധ്യമല്ലാതെ അപകർഷതയിൽ അകപ്പെട്ടു പോയ സമുദായത്തിൻ്റെ മുമ്പിൽ വിജ്ഞാനത്തിൻ്റെ വാതിൽ തുറന്ന് കൊടുത്തത് മുസ്ലിം ലീഗാണ്. ഇന്ന് കാണുന്ന എല്ലാ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയുടെയും കാരണം മുസ്ലിം ലീഗ് നേതാക്കളുടെ പരിശ്രമമാണ്. വർഗ്ഗീയതയുടെ ചാപ്പ കുത്തി മാറ്റി നിർത്താൻ ശ്രമിച്ച പാർട്ടിയെ മഹനീയമായ മതേതര മാതൃക കൊണ്ട് പാകപെടുത്തി ദേശീയ പാർട്ടികളുടെ മുൻനിരയിലെത്തിച്ച മഹാരഥൻമാരായ പൂർവ്വകാല നേതാക്കളുടെ മാതൃക നാം മറക്കരുതെന്നും എം.സി അഭിപ്രായപ്പെട്ടു.
രണ്ടു സെഷനുകളിലായി നടന്ന സംഘടനാ പാർലിമെന്റ് ക്യാമ്പിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിമാരായ അൻവർ മുള്ളമ്പാറ” മുസ്ലിം ലീഗിന്റെ സ്വത്വ രാഷ്ട്രീയ പ്രസക്തി” ഉസ്‌മാൻ താമരത്ത് ഇലക്ട്രൽ പൊളിറ്റിക്സും സംഘടന രീതിശാസ്ത്രവും – എന്ന വിഷയവും ആസ്‌പദമാക്കി ക്‌ളാസുകൾ എടുത്തു. നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, നിസാം മമ്പാട്, അബ്ദുൽ റഹ്‌മാൻ വെള്ളിമാടുകുന്ന്, ഇസ്മായിൽ മുണ്ടക്കുളം, റസാഖ് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഷൗക്കത്ത് ഞാറക്കോടൻ, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, ഷക്കീർ മണ്ണാർക്കാട്, അഷ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, വിവിധ സെഷനുകളിൽ സംസാരിച്ചു. നാഷണൽ കെഎംസിസി ഭാരവാഹികളായ നാസർ വെളിയങ്കോട്, നാസർ എടവനക്കാട് , നസീർ വാവക്കുഞ്ഞു, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മജീദ് പുകയൂർ എന്നിവർ വിവിധ സെഷനുകളിൽ ആശംസകൾ നേർന്നു. സുബൈർ വട്ടോളി പ്രമേയം അവതരിപ്പിച്ചു. ജിദ്ദ കെഎംസിസി സെക്രട്ടറി വി.പി. മുസ്‌തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.