ലിവർപൂൾ– സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ ബിൽബവോയെ തകർത്തെറിഞ്ഞ് ലിവർപൂൾ. സ്വന്തം തട്ടകമായ അൻഫീൽഡിൽ വെച്ച് നടന്ന ഇരട്ട സൗഹൃദ മത്സരങ്ങളിലായിരിന്നു ലിവർപൂളിന്റെ വിജയം.
ഇന്ത്യൻ സമയം രാത്രി 9:30ന് നടന്ന ആദ്യ മത്സരത്തിൽ ഒന്നിന് എതിരെ നാലു ഗോളുകൾക്കായിരുന്നു ചുവപ്പന്മാരുടെ വിജയം.കളിയുടെ രണ്ടാം മിനുറ്റിൽ തന്നെ പ്രീസീസൺ മഝരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പതിനാറു വയസ്സ് മാത്രം പ്രായമുള്ള റിയോയുടെ ഗോളിലൂടെ ലിവർപൂൾ മുന്നിൽ എത്തി. മൂന്നു മിനുറ്റുകൾക്ക് ശേഷം നുനെസിലൂടെ ഗോൾ എണ്ണം രണ്ടാക്കി.കളിയുടെ 42-ാം മിനുറ്റിൽ ബെൻ ഡോകിന്റെ മികവിൽ ഗോൾ നേടിയ ലിവർപൂൾ ആദ്യ പകുതി പിരിയുമ്പോൾ ലീഡ് മൂന്നാക്കി ഉയർത്തിയിരുന്നു.
രണ്ടാം പകുതിയുടെ 58-ാം മിനുറ്റിൽ നുനെസ് നൽകിയ പാസ്സിൽ നിന്നും യുവതാരം എലിയോട്ടിലൂടെ ലിവർപൂൾ നാലമത്തെ ഗോൾ നേടി. 76-ാം മിനുറ്റിൽ ബിൽബവോക്ക് വേണ്ടി ഗുരുസെറ്റ ആശ്വാസ ഗോൾ നേടി. മത്സരം അവസാനിക്കുമ്പോൾ ഒന്നിന് എതിരെ നാലു ഗോളുകൾക്ക് ലിവർപൂൾ വിജയം കരസ്ഥമാക്കി.
ആവേശകരമായ രണ്ടാമത്തെ മത്സരത്തിൽ ഗാക്‌പോയുടെ ഇരട്ട ഗോൾ മികവിൽ രണ്ടിന് എതിരെ മൂന്നൂ ഗോളുകൾക്കാണ് പൂൾ ജയം സ്വന്തമാക്കിയത്.14-ാം മിനുറ്റിൽ ഈജിപ്ഷ്യൻ മജീഷ്യൻ സലായിലൂടെ മുന്നിൽ എത്തിയെങ്കിലും 29-ാം മിനുറ്റിൽ സട്രൈക്കർ സാൻസെറ്റിലൂടെ ബിൽബവോ ഒപ്പമെത്തി.
തുല്യത പാലിച്ച ആദ്യ പകുതിക്ക് ശേഷം ആരംഭിച്ച രണ്ടാം പകുതിയിലെ 55-ാം മിനുറ്റിൽ ഗാക്‌പോയിലൂടെ ലിവർപൂൾ വീണ്ടും മുന്നിൽ എത്തി.എന്നാൽ ഒമ്പതു മിനുറ്റുകൾക്ക് ശേഷം ബിൽബവോക്ക് ലഭിച്ച ഒരു കോർണറിൽ ഗാക്‌പോയുടെ തന്നെ തലയിൽ ഉരസി പന്ത് വലയിൽ കയറുമ്പോൾ സ്കോർ 2-2. പക്ഷെ ബിൽബവോയുടെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല,70-ാം മിനുറ്റിൽ ഗാക്‌പോ തന്നെ ഗോൾ നേടി ലിവർപൂളിനെ മുന്നിൽ എത്തിച്ച് പ്രായശ്ചിത്തം ചെയ്തു.81-ാം മിനുറ്റിൽ ലിവർപൂളിന് അനൂകലമായി പെനാൽറ്റി ലഭിച്ചുവെങ്കിലും സലാഹിന് മുതലൊടുക്കാനായില്ല.വിർട്‌സ് അടക്കമുള്ള താരങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചുവെങ്കിലും കീപ്പർ സിമോണിന്റെ മികവ് ബിൽബവോയെ വമ്പൻ പരാജയത്തിൽ നിന്നും രക്ഷിച്ചു.
ആഗസ്റ്റ് 15ന് തുടങ്ങുന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഈ വിജയങ്ങൾ ലിവർപൂളിന് കൂടുതൽ കരുത്ത് നൽകുമെന്നാണ് കളിക്കാരുടെയും ആരാധകരുടെയും പ്രതീക്ഷ.