മലപ്പുറം– വിമാന ടിക്കറ്റ് നിരക്ക് കൂടിയതിനാൽ കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. ഹജ് കമ്മിറ്റിയുടെ അപേക്ഷാ സമർപ്പണം അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആകെ 22752 അപേക്ഷകരിൽ മൂവായിരത്തിൽ താഴെ ആളുകൾ മാത്രമാണ് കോഴിക്കോട് തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചി, കണ്ണൂർ എന്നിവയാണ് കേരളത്തിലെ മറ്റു രണ്ട് ഹജ് എംബാർക്കേഷൻ പോയിന്റുകൾ.
2024 മുതലാണ് കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന തീർഥാടകർ യാത്രാ നിരക്കിൽ വിവേചനം നേരിടേണ്ടി വന്നത്. ആ വർഷം കണ്ണൂർ, കൊച്ചി വിമാനത്താവളെ അപേക്ഷിച്ച് 35000 രൂപയാണ് കോഴിക്കോട് വഴി പോകുന്നവർ അധികം നൽകേണ്ടി വന്നത്. എന്നിട്ടും 10515 പേർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്തത്. 2025ൽ ഇത് പകുതിയായി കുറഞ്ഞു. ഈ വർഷവും വിമാന ടിക്കറ്റിന് 41000 രൂപ അധികം നൽകിയാണ് തീർഥാടകർ യാത്ര ചെയ്തത്. അടുത്ത വർഷവും സമാന സ്ഥിതിയുണ്ടാകുമോയെന്ന ആശങ്കയാണ് ഇത്തവണ കോഴിക്കോട് അപേക്ഷിക്കുന്നവരുടെ എണ്ണം വൻ തോതിൽ കുറയാൻ കാരണമായത്.
നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കോഴിക്കോട് വഴിയുള്ള വിമാനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കുന്നത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ഇല്ലാത്തതാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ഇടത്തരം വിമാനങ്ങൾ ഉപയോഗിച്ച് കോഴിക്കോട് നിന്ന് സർവീസ് തുടങ്ങാൻ സൗദി എയർലൈൻസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അവർ കൂടി ടെൻഡറിൽ പങ്കെടുത്താൽ വിമാന ടിക്കറ്റ് നിരക്ക് കുറയും. അല്ലെങ്കിൽ ഇത്തവണ അപേക്ഷകൾ കുറഞ്ഞതുപോലെ സംഭവിക്കുകയാണെങ്കിൽ ഹജ് എംബാർക്കേഷൻ പോയിന്റ് എന്ന നിലയിൽ കോഴിക്കോടിന്റെ നിലനിൽപ്പു തന്നെ ഭീഷണിയിലാവും.