ബെംഗളൂരു – ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പത്ത് ദിവസം മുമ്പാണ് താൻ അഷ്റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. തിങ്കളാഴ്ച രാത്രി അഷ്റഫ് തന്റെ മുറിയിൽ വന്ന്, “സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ” എന്ന് പറഞ്ഞതായി പരാതിയിൽ വ്യക്തമാക്കി. ഇത് എതിർത്തപ്പോൾ, അഷ്റഫ് തന്നെ ബലമായി കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാർഥിനി ആരോപിച്ചു.
തന്റെ ലൊക്കേഷൻ സുഹൃത്തിന് അയക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. രാത്രി 1:30-നും 2:15-നും ഇടയിൽ അഷ്റഫ് വിദ്യാർഥിനിയെ തിരികെ പേയിങ് ഗസ്റ്റ് വീട്ടിൽ കൊണ്ടുവന്ന് ഇറക്കിയതായും പരാതിയിൽ പറയുന്നു.
ഒരു മാസം മുമ്പ് ബെംഗളൂരുവിൽ മറ്റൊരു പേയിങ് ഗസ്റ്റ് ഉടമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ടിരുന്നു.