ന്യൂയോർക്ക്– അമേരിക്കയിലെ ആത്മീയകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേരെ അലബാമ, മാർഷൽ കൗണ്ടിയിൽ പാറക്കെട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാറപകടത്തിൽ മരിച്ചതോ കൊല്ലപ്പെട്ടതോ എന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യക്കാരായ ഡോ. കിഷോർ ദിവാൻ, ആശാ ദിവാൻ, ഷൈലേഷ് ദിവാൻ, ഗീതാ ദിവാൻ എന്നിവരെയാണ് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മാർഷൽ കൗണ്ടി പോലീസ് അധികൃതർ അറിയിച്ചു.
ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതരയോടെയാണ് നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ കുത്തനെയുള്ള പാറക്കെട്ടിലാണ് മൃതദേഹങ്ങൾ കണ്ടത് എന്നത് ദുരൂഹത വർധിപ്പിക്കുന്നു. സമീപത്തുനിന്നും ഇവർ സഞ്ചരിച്ച ടൊയോട്ട കാർ പൂർണമായി തകർന്ന നിലയിലും കണ്ടെടുത്തിട്ടുണ്ട്.
ജൂലൈ 29ന് ഉച്ചയോടെയാണ് ന്യൂയോർക്കിലുള്ള ബഫല്ലോയിൽ നിന്ന് വെസ്റ്റ് വെർജീനിയയിലേക്ക് ഇവർ യാത്ര തിരിച്ചത്. ഇവിടെയുള്ള ധ്യാനകേന്ദ്രമായിരുന്നു ലക്ഷ്യസ്ഥാനം. അഞ്ചുദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെതുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തുകയും പിന്നീട് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ധ്യാനകേന്ദ്രത്തിലെ രജിസ്റ്റർ പരിശോധിച്ചപ്പോൾ നാല് പേരും മുൻകൂർ ബുക്ക് ചെയ്തിട്ടില്ലെന്നും അവിടെ എത്തിയില്ലെന്നും മനസിലായി. തുടർന്ന് ഇവർ സഞ്ചരിച്ച റൂട്ടിൽ അന്വേഷണം നടത്തി വരവേയാണ് പാറക്കെട്ടിന് ഇടയിൽ മൃദേഹങ്ങൾ കണ്ടെത്തിയത്. കാറപകടത്തിൽ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ അന്വേഷണം തുടക്കം കുടിച്ചിട്ടുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് മാർഷൽ കൗണ്ടി പൊലീസ് പറഞ്ഞു. അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അവർ വിശദീകരിച്ചു.