തിരുവനന്തപുരം: അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരള സിലബസിന് കീഴിലുള്ള സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
അവധിക്കാല ക്ലാസുകൾക്കായി പണപ്പിരിവ് നടത്താൻ പാടില്ല. കേരള സിലബസിന് കീഴിൽ വരുന്ന ഒരു സ്കൂളുകളിലും വേനലവധിക്ക് ക്ലാസുകൾ നടത്താൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ ഭാഗത്തുനിന്ന് നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
എല്ലാ കുട്ടികൾക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം. അതുകൊണ്ടുതന്നെ എല്ലാ സ്കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി.
രക്ഷകർത്താക്കളും വിദ്യാർഥികളും സ്വന്തം നിലയിൽ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിൽ നിയന്ത്രണം കൊണ്ടുവരാൻ യാതൊരു ഉദ്ദേശവും ഇല്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.