കുവൈത്ത് സിറ്റി– ജൂലൈയിൽ മാത്രം കുവൈത്തിലുടനീളം നടന്നത് 1,357 വാണിജ്യ നിയമലംഘനങ്ങളെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിൽ 1,215 കേസുകൾ പരിശോധനയെത്തുടർന്ന് കണ്ടെത്തിയതും 142 എണ്ണം ഉപഭോക്തൃ പരാതി വഴി കണ്ടെത്തിയതുമാണ്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക ബിസിനസുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യം വെച്ച് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ ഉപയോഗിക്കുക, അറബ് ഭാഷയിൽ വിലകളോ ഉൽപ്പന്ന വിവരങ്ങളോ പ്രദർശിപ്പിക്കാതിരിക്കുക, ലൈസൻസില്ലാതെ പ്രവർത്തനം നടത്തുക, നിരോധിത വസ്തുക്കൾ വിൽക്കൽ, സാധനങ്ങളോ സേവനങ്ങളോ വിൽക്കാൻ വിസമ്മതിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കാരണങ്ങൾ ഇല്ലാതെ സാധനത്തിന്റെ വില വർധിപ്പിക്കുക, തെറ്റായ വില പ്രദർശിപ്പിക്കുക, ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുക എന്നിവയും വാണിജ്യ മന്ത്രാലയം കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.