മസ്കത്ത്– സ്ത്രീയെന്നു വ്യാജം പറഞ്ഞ് ഓൺലൈനിൽ പരിചയം സ്ഥാപിച്ച്, പിന്നീട് ബലമായി റൂമിൽ അടച്ച് പണം തട്ടിയ അഞ്ചംഗ സംഘം ഒമാനിൽ പിടിയിൽ. ഒമാനിലെ ബർക്ക വിലായത്തിലാണ് സംഭവമുണ്ടായത്.
തട്ടിപ്പുകാരിൽ ഒരാൾ സ്ത്രീയാണെന്ന വ്യാജേനെ പൗരനുമായി ചാറ്റ് ആരംഭിച്ചതാണ് തുടക്കം. ശേഷം ബന്ധം കൂടുതൽ സ്ഥാപിച്ച്, ഇരയെ നേരിട്ട് കാണാൻ ബർക്കിയിലേക്ക് വരണമെന്നു പറയുന്നു. അയാൾ എത്തുമ്പോൾ സംഘം ചേർന്ന് ഇയാളെ ബലം പ്രയോഗിച്ച് ഒരു സ്വകാര്യ വസതിയിലേക്കു കൊണ്ടുപോകുകയും റൂമിൽ അടച്ച് പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.
റോയൽ ഒമാൻ പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ, തട്ടിക്കൊണ്ടുപോകലും ബ്ലാക്ക്‌മെയിലും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ അഞ്ച് പൗരന്മാർ അടങ്ങിയ സംഘത്തിനെതിരെ നടപടി സ്വീകരിച്ചു. സൗത്ത് ബാത്തിന ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെ ഉടനടി ഇടപെടലാണ് അറസ്റ്റ് വേഗത്തിൽ സാധ്യമാക്കിയത്.
പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.