ന്യൂഡൽഹി– ഇന്ത്യക്കെതിരെ തുടർച്ചയായ അവഹേളിക്കുന്ന ട്രംപിനെതിരെ ഇന്ത്യ പ്രതികരിക്കാത്തത്, അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കൈക്കൂലി കേസ് കാരണമെന്ന് ആക്ഷേപം. ഇന്ത്യ-പാക് വെടിവെപ്പ് താൻ ഇടപെട്ടാൻണ് നിർത്തിവെച്ചതെന്ന വാദം ട്രംപ് ഉന്നയിക്കുകയും ഇന്ത്യക്കെതിരായി ട്രംപ് 25% തീരുവ ചുമത്തുകയും ചെയ്തിരുന്നു. ട്രംപിന്റെ ഇത്തരം നയങ്ങൾക്കെതിരെ കുഞ്ഞൻ രാഷ്ട്രങ്ങൾ പോലും പരസ്യമായി രംഗത്ത് വരുമ്പാഴാണ് ഇന്ത്യ മൗനിയായി ഇരിക്കുന്നത്.
ഇന്ത്യ-പാക് വിഷയത്തിലും, ഇന്ത്യക്കെതിരെ തീരുവ ചുമത്തുന്നതിലും ട്രംപിന്റെ നിലപാട് ഇന്ത്യക്ക് ഏറ്റ തിരിച്ചടിയായിരുന്നു. ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ട്രംപിൻറെ പ്രസ്താവനയെ രാഹുൽ ഗാന്ധി അടങ്ങുന്ന പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ അടക്കം ചോദ്യം ചെയ്തെങ്കിലും മറുപടി നൽകാൻ തയ്യാറാകാതെ, പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിക്കുകയാണ് മോദിയും അമിത് ഷായും ചെയ്തത്. എന്നാൽ ഇന്ത്യ പ്രതികരിക്കാത്തതിന്റെ കാരണം അദാനിക്കെതിരെ അമേരിക്കയിൽ രെജിസ്റ്റർ ചെയ്ത കൈക്കൂലി കേസ് ആണ് എന്നതടക്കമുള്ള ആക്ഷേപം ആണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ധ്രുവ് റാഠി അടക്കം ഉന്നയിക്കുന്നത്.
ഗൗതം അദാനിയും, സഹോദരൻ സാഗർ അദാനിക്കുമെതിരായി ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂ യോർക്ക് (ഇഡിഎൻവൈ) കോടതിയിൽ കൈക്കൂലിയാരോപണത്തിന് 2024 നവംബർ 20ൽ ആണ് കേസ് രെജിസ്റ്റർ ചെയ്തത്. ഇന്ത്യയുമായുള്ള സൗരോർജ കരാർ ഉറപ്പാക്കുന്നതിനായി 250 മില്ല്യൺ ഡോളർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയന്നാണ് ആരോപണം. കൈക്കൂലി, വഞ്ചന, കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ഗൗരവമാർന്ന കുറ്റമാണ് അദാനി സഹോദരന്മാർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.
അദാനി ഗ്രൂപ്പ് ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് വാദിക്കുന്നത്. 2025ൽ അദാനി ഗ്രൂപ്പ് കേസ് അന്വേഷണത്തിനായി ഒരു സ്വതന്ത്ര ഏജൻസിയെ നിയമിക്കുകയും, ഇവരുടെ അന്വേഷണത്തിൽ അദാനി തെറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തുകയുമായിരുന്നു. എന്നാൽ 2025ന്റെ ആരംഭത്തിൽ തന്നെ ട്രംപ് ഭരണകൂടവുമായി അദാനി ബന്ധപ്പെട്ടിരുന്നു എന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗൗതം അദാനി എക്സിൽ കുറിച്ച പോസ്റ്റുകൾ ആണ് നിലവിൽ ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഇന്ത്യയുമായി കരാറിലേർപ്പെട്ടതിനും, ഇതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് അമേരിക്കയുടെ അടിസ്ഥാന സൗകര്യങ്ങളിൽ 10 ബില്ല്യൺ നിക്ഷേപിച്ചു എന്നും അറിയിച്ച് ട്രംപിന് അഭിനന്ദനങ്ങളറിയിച്ചാണ് ഒരു കുറിപ്പ്. മറ്റൊരു പോസ്റ്റ് ട്രംപിന്റെ നിശ്ചയദാർഢ്യവും, മനോധൈര്യവും അമേരിക്കയുടെ ജനാധിപത്യം ശക്തിപ്പെടുത്തുമെന്നും അമേരിക്കയുടെ 47-ാം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അഭിവാദ്യങ്ങൾ അർപ്പിച്ചുമാണ്. ഇതാണ് അദാനിക്കെതിരെ ആളുകളെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ആരോപണവുമായി വരാൻ പ്രേരിപ്പിക്കുന്നത്.


ഇതാദ്യമായല്ല ട്രംപ് ഇന്ത്യക്കെതിരെ നിലപാടുമായി രംഗത്ത് വരുന്നത്. 2019ൽ ട്രംപ് ഇന്ത്യയുടെ പൊതുവൽക്കരണ വ്യവസ്ഥ പ്രകാരമുള്ള പദവി റദ്ദാക്കുകയും വ്യാപാര ആനുകൂല്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 2020ൽ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡ് സമയത്ത് ഇന്ത്യ മരണനിരക്ക് കുറച്ചാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഇന്ത്യ വായുമലിനീകരണം ഉണ്ടാക്കുന്നു എന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.