ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ റഷ്യയുമായുള്ള ഇടപാടുകള്‍ തനിക്ക് വകവയ്‌ക്കേണ്ടതില്ലെന്നും, ഇരു രാജ്യങ്ങളും അവരുടെ മരിച്ച സമ്പദ്വ്യവസ്ഥകളെ ഒരുമിച്ച് തകര്‍ക്കട്ടെയെന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇന്ത്യയുമായി വളരെ കുറച്ച് ബിസിനസ്സ് മാത്രമേ അമേരിക്ക ചെയ്തിട്ടുള്ളൂ, അവരുടെ തീരുവകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്നവയാണ്, റഷ്യയുമായും യുഎസിന് ബിസിനസ്സ് ഇല്ല, അങ്ങനെ തുടരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ, ആയുധ വാങ്ങലുകളാണ് ട്രംപിന്റെ വിമര്‍ശനത്തിന്റെ കാതല്‍. ഇന്ത്യ എപ്പോഴും സൈനിക ഉപകരണങ്ങളുടെ ഭൂരിഭാഗം റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്, ചൈനയ്ക്കൊപ്പം റഷ്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങുന്നവരാണ് ഇന്ത്യയെന്ന് ട്രംപ് ആരോപിച്ചു.
മുന്‍ റഷ്യന്‍ പ്രസിഡന്റും നിലവില്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദേവിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. മെദ്വദേവിന്റെ മുന്നറിയിപ്പിനെ അപകടകരമായ പ്രസ്താവനയായി ട്രംപ് വിശേഷിപ്പിച്ചു. പരാജയപ്പെട്ട മുന്‍ പ്രസിഡന്റായ മെദ്വദേവ് ഇപ്പോഴും താന്‍ പ്രസിഡന്റാണെന്ന് കരുതുന്നു, അദ്ദേഹം ശ്രദ്ധിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
വിമര്‍ശനത്തിന് പിന്നാലെ, പാകിസ്ഥാനുമായി ഒരു എണ്ണ കരാര്‍ പ്രഖ്യാപിച്ച് ട്രംപ് ഞെട്ടിച്ചു. ഇത് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതാണ്. പാകിസ്ഥാനിലെ വന്‍ എണ്ണ ശേഖരം വികസിപ്പിക്കാന്‍ അമേരിക്കയും പാകിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ കരാര്‍ നയിക്കാന്‍ ഒരു എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് അമേരിക്ക.