ഫ്ലോറിഡ– ദുബൈ നഗരത്തിലെ ഗഗനചുംബിയായ ബുർജ് ഖലീഫ മനുഷ്യന്റെ എക്കാലത്തെയും സാങ്കൽപ്പികതയുടെയും, സാങ്കേതിക മികവിന്റെ അത്ഭുതമാണ്. ഇതിന്റെ നിർമാണ ചെലവ് ഏകദേശം 1.5 ബില്യൺ ഡോളറായിരുന്നു (12500 കോടി ഇന്ത്യൻ രൂപ). എന്നാൽ അതിനേക്കാൾ വിലയും, അതിനേക്കാൾ കൂടുതൽ വർഷവും ചെലവഴിച്ചാണ് ലോകത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗെയിമായ ജി.ടി.എ 6(GTA 6 )വികസിപ്പിക്കപ്പെടുന്നത്.
റോക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ചെടുത്ത ജി.ടി.എ സീരീസിന്റെ ആറാം ഭാഗമായ ജി.ടി.എ 6 ന് 2 ബില്യൺ ഡോളർ ( 16,660 കോടി ഇന്ത്യൻ രൂപ) ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഏതാണ്ട് ഏഴു വർഷങ്ങളാണ് ഇത് വികസിപ്പിക്കാനെടുത്തത്. എന്നാൽ 163 നിലകളോടു കൂടി നിർമ്മിച്ച ബുർജ് ഖലീഫക്ക് വേണ്ടിവന്നത് ആറുവർഷം മാത്രമായിരുന്നു. ഒരു സൂപ്പർസ്ട്രക്ചറിന്റെ നിർമ്മാണത്തെ ഒരു കമ്പ്യൂട്ടർ ഗെയിമുമായി താരതമ്യം ചെയ്യുന്നത് അന്യായമാണെങ്കിൽ പോലും സാങ്കേതികത വികസിപ്പിച്ചെടുക്കാൻ ഡെവലപ്പർമാർ അത്രയും കഷ്ട്ടപ്പെടുന്നുണ്ട് എന്നത് യാഥാർത്യമാണ്.
ഇത് വെറും കളിയല്ല എന്നാണ് സാങ്കേതിക ലോകത്തിന്റെ വിലയിരുത്തൽ. ഇതൊരു വൻകിട കച്ചവടമാണ്. ഗെയിമിന്റെ റിലീസ് ശേഷം 60 ദിവസത്തിനുള്ളിൽ തന്നെ 7 ബില്യൺ ഡോളർ (58,310 കോടി രൂപ) വരുമാനമുണ്ടാകും എന്നാണു കണക്കുകൂട്ടൽ. ഏകദേശം 80 ഡോളറാണ് (6,664 രൂപ) ഗെയിമിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്. ഡിജിറ്റൽ വിപണനത്തിലൂടെ ലോകമാകെയുള്ള കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് ഗെയിം എത്തിച്ചേരും.
പിന്നീട് പുതിയ അപ്‌ഡേറ്റുകളും, പായ്ക്കുകളും മുതൽ സ്കിന്നുകൾ, മറ്റു നിരവധി അധിക ആഡ്-ഓണുകളും വഴി സ്ഥിര വരുമാനത്തിലേക്ക് ഗെയിം തിരിയും. ഏഴു വർഷത്തെ ജി.ട്ടി.എ 6 നായുള്ള കാത്തിരിപ്പ് ഗെയിമിംങ്ങ് ലോകത്ത് വലിയ വഴിത്തിരിവായി മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാസ്തവത്തിൽ, ബുർജ് ഖലീഫ ഭൂമിയിലെ വസ്തുക്കളിൽ നിന്നുണ്ടാക്കിയ അത്ഭുതമെങ്കിൽ, ജി.ടി.എ 6 കോഡിങ്ങിലും, എ.ഐയിലൂടെയും,ബാൻഡ് വിഡ്ത് പോലെയുള്ള മറ്റു സാങ്കേതിക സഹായങ്ങളോടെയും രൂപംകൊണ്ട മറ്റൊരു ലോകമാണ്. പുതിയ തലമുറയുടെ സാങ്കേതിക കെട്ടിടമാണ്.