ഗാസ– ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 72 മണിക്കൂറിനിടെ 21 കുട്ടികള്‍ മരിച്ചതായി അല്‍ശിഫ മെഡിക്കല്‍ കോംപ്ലക്സ് അറിയിച്ചു. ഇസ്രായില്‍ ഉപരോധം കാരണം കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുകയാണ്. ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ മാസങ്ങളായി എത്തുന്നില്ല. മുഴുവന്‍ കുടുംബങ്ങളും കടുത്ത പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ഒമ്പതു ലക്ഷത്തിലെത്തിയതെന്നും ഇതില്‍ 70,000 പേര്‍ കടുത്ത പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും അല്‍ശിഫ മെഡിക്കല്‍ കോംപ്ലക്സ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബൂസല്‍മിയ പറഞ്ഞു.
ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നതിനിടെ 1,050 ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഭൂരിഭാഗം പേരും റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് കൊല്ലപ്പെട്ടതെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് 25 ലേറെ പാശ്ചാത്യ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ദെയ്ര് അല്‍ബലഹില്‍ ലോകാരോഗ്യ സംഘടന ആസ്ഥാനത്തിനും വെയര്‍ഹൗസിനും നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ സംഘടന അപലപിച്ചു. ലോകാരോഗ്യ സംഘടന ആസ്ഥാനത്തു നിന്നും വെയര്‍ഹൗസില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും പുറത്താക്കിയ ശേഷം സൈനികര്‍ 10 കിലോമീറ്ററിലേറെ ദൂരം നടക്കാന്‍ അവരെ നിര്‍ബന്ധിച്ചതായി സംഘടന പറഞ്ഞു.
ഇന്നലെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 45 പേര്‍ ഭക്ഷ്യസഹായത്തിനായി റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ കാത്തിരിക്കുന്നവരായിരുന്നു. വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 59,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.