38 മുന്‍ എം.പിമാര്‍ക്ക് വിജയം
കുവൈത്ത് സിറ്റി – കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റിലെ 38 അംഗങ്ങള്‍ക്ക് വിജയം. മുന്‍ പാര്‍ലമെന്റിലെ ഏക സീറ്റ് വനിതകള്‍ നിലനിര്‍ത്തി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച അമ്പത് അംഗങ്ങളില്‍ 38 പേരും പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റിലെ അംഗങ്ങള്‍ തന്നെയാണ്. സ്പീക്കര്‍ അഹ്മദ് അല്‍സഅദൂന്‍, 2023 പാര്‍ലമെന്റ് അംഗവും 2020 പാര്‍ലമെന്റ് സ്പീക്കറുമായ മര്‍സൂഖ് അല്‍ഗാനിം, മുന്‍ മന്ത്രിയും വനിതകളുടെ ഏക സീറ്റ് നിലനിര്‍ത്തുകയും ചെയ്ത ജനാന്‍ ബൂശഹ്‌രി എന്നിവരാണ് വിജയികളില്‍ ഏറ്റവും പ്രശസ്തര്‍. 2023 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക വനിതയായിരുന്നു ജനാന്‍ ബൂശഹ്‌രി.
കഴിഞ്ഞ ഡിസംബറില്‍ അധികാരമേറ്റ അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹിന്റെ കാലത്ത് നടക്കുന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. പത്തു മാസത്തിനിടെ കുവൈത്തില്‍ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ജൂണിലും രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നിരുന്നു. 2022 നു ശേഷം രാജ്യത്ത് നടക്കുന്ന രണ്ടാമത്തെയും അഞ്ചു വര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെയും തെരഞ്ഞെടുപ്പാണിത്. ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചെന്ന് പറഞ്ഞ് ഫെബ്രുവരി 15 ന് ആണ് കുവൈത്ത് അമീര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 5,18,000 ഓളം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോളിംഗ് ശതമാനം 62.10 ആയിരുന്നു. കുവൈത്തിന്റെ ചരിത്രത്തില്‍ വിശുദ്ധ റമദാനില്‍ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തെത്. 2013 ലും റമദാനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്. നോമ്പുതുറ സമയത്തിനു ശേഷവും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തി. അര്‍ധരാത്രിയാണ് പോളിംഗ് സ്റ്റേഷനുകള്‍ അടച്ചത്. ഇന്നലെ പുലര്‍ച്ചെയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു
50 അംഗ പാര്‍ലമെന്റിലേക്ക് വിജയിച്ച 29 പേരും പ്രതിപക്ഷ സ്ഥാനാര്‍ഥികളാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ ശിയാക്കള്‍ എട്ടു സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു സീറ്റ് കൂടുതല്‍ ശിയാക്കള്‍ നേടി. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ കുവൈത്ത് ശാഖയായ ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റ് സീറ്റുകള്‍ മൂന്നില്‍ നിന്ന് ഒന്നായി ചുരുങ്ങി.
പൊതുതെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന 50 അംഗങ്ങള്‍ അടങ്ങിയതാണ് പാര്‍ലമെന്റ്. അഞ്ചു തെരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ നിന്ന് പത്തു അംഗങ്ങളെ വീതമാണ് തെരഞ്ഞെടുക്കുന്നത്. ആദ്യ യോഗം മുതല്‍ നാലു വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ ചെയ്യാനും മന്ത്രിമാര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താനുമുള്ള ശേഷി അടക്കം വിപുലമായ അധികാരങ്ങള്‍ പാര്‍ലമെന്റിലുണ്ട്.