ദമാസ്‌കസ് – ഇസ്രായില്‍ സിറിയയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് ആരോപിച്ചു. ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍സുവൈദാ ഗവര്‍ണറേറ്റില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇസ്രായിലിനെ നേരിടുക അല്ലെങ്കില്‍ നമ്മുടെ ആഭ്യന്തര മുന്നണി പരിഷ്‌കരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ക്ക് മുന്നിലാണ് സിറിയ ഇപ്പോഴുള്ളത്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സിറിയന്‍ ജനത ഐക്യത്തോടെ നേരിടും. സിറിയ കുഴപ്പങ്ങള്‍ക്കുള്ള സ്ഥലമായിരിക്കില്ല. സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിറിയയെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നു. ഡ്രൂസുകള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ മുന്‍ഗണനയാണ്. അല്‍സുവൈദായില്‍ സുരക്ഷ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രാദേശിക വിഭാഗങ്ങളെയും വിവേകമതികളെയും ഏല്‍പ്പിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം നേടിയെടുക്കാനായി നമ്മുടെ ജനങ്ങള്‍ വിപ്ലവത്തിന് മുന്നിട്ടിറങ്ങി. വലിയ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് ആ ഉദ്യമത്തില്‍ അവര്‍ വിജയിച്ചു. ഭീഷണി നേരിട്ടാല്‍ അന്തസ്സിനു വേണ്ടി പോരാടാന്‍ ഈ ജനത തയാറാണ്. മുന്‍ ഭരണകൂടത്തിന്റെ പതനത്തിനുശേഷം എല്ലാപ്പോഴും നമ്മുടെ സ്ഥിരതയെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്തുകയും നമുക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്ത ഇസ്രായില്‍ ഇപ്പോള്‍ വീണ്ടും നമ്മുടെ രാജ്യത്തെ അനന്തമായ കുഴപ്പങ്ങളുടെ വേദിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. അതിലൂടെ നമ്മുടെ ജനങ്ങളുടെ ഐക്യം തകര്‍ക്കാനും പുനര്‍നിര്‍മാണത്തിന്റെയും പുരോഗതിയുടെയും പ്രക്രിയയില്‍ മുന്നോട്ട് പോകാനുള്ള നമ്മുടെ ശേഷിയെ ദുര്‍ബലപ്പെടുത്താനും ഇസ്രായില്‍ ശ്രമിക്കുന്നു.
നീണ്ട ചരിത്രമുള്ള സിറിയക്കാര്‍ എല്ലാ വിഭജനവും നിരാകരിച്ചു എന്ന വസ്തുത അവഗണിച്ചുകൊണ്ട് നിരന്തരം സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും വിതക്കാന്‍ ഇസ്രായില്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. വലിയ ശക്തി ആര്‍ജിച്ചത് വിജയം നേടുമെന്ന് അര്‍ഥമാക്കുന്നില്ല. ഒരു സ്ഥലത്ത് നേടിയ വിജയം മറ്റൊരു സ്ഥലത്ത് വിജയം ഗ്യാരണ്ടി നല്‍കുന്നില്ല. നിങ്ങള്‍ക്ക് ഒരു യുദ്ധം ആരംഭിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, അതിന്റെ ഫലങ്ങള്‍ നിയന്ത്രിക്കല്‍ എളുപ്പമായിരിക്കില്ല. ഞങ്ങള്‍ ഈ നാട്ടിലെ ജനങ്ങളാണ്. നമ്മെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായിലിന്റെ എല്ലാ ശ്രമങ്ങളെയും മറികടക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ശേഷിയുണ്ട്. കുത്തിപ്പൊക്കുന്ന കുഴപ്പങ്ങളിലൂടെ നമ്മുടെ നിശ്ചയദാര്‍ഢ്യം ഇളകാന്‍ അനുവദിക്കാത്തത്ര പ്രതിരോധശേഷി ഞങ്ങള്‍ക്കുണ്ട്.
സിറിയയിലെ ജനങ്ങള്‍ക്ക്, ആരാണ് നമ്മളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതെന്നും ആരാണ് നമ്മളെ വിഭജിക്കാന്‍ ശ്രമിക്കുന്നതെന്നും നന്നായി അറിയാം. നമ്മുടെ നാട്ടില്‍ അവര്‍ ആളിക്കത്തിക്കാന്‍ ആഗ്രഹിക്കുന്ന യുദ്ധത്തില്‍ നമ്മുടെ ജനങ്ങളെ കുടുക്കാന്‍ ഞങ്ങള്‍ അവര്‍ക്ക് അവസരം നല്‍കില്ല. നമ്മുടെ മാതൃരാജ്യത്തെ വിഘടിപ്പിക്കുകയും കുഴപ്പത്തിലേക്കും നാശത്തിലേക്കും തള്ളിവിടുകയും ചെയ്യുക എന്നത് മാത്രമാണ് യുദ്ധത്തിന്റെ ലക്ഷ്യം. സിറിയ വിദേശ ഗൂഢാലോചനകള്‍ക്കുള്ള ഒരു പരീക്ഷണ കേന്ദ്രമല്ല. നമ്മുടെ കുട്ടികളുടെയും സ്ത്രീകളുടെയും ജീവന്റെ ചെലവില്‍ മറ്റുള്ളവരുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള സ്ഥലവുമല്ല.
സിറിയ എല്ലാവര്‍ക്കുമുള്ള രാഷ്ട്രമാണ്. രാജ്യം സ്വയം പുനര്‍നിര്‍മ്മിക്കപ്പെടുന്നത് കാണുക എന്നത് ഓരോ സിറിയക്കാരന്റെയും സ്വപ്നമാണ്. ഈ രാഷ്ട്രത്തിലൂടെ, സിറിയയുടെ അന്തസ്സ് പുനഃസ്ഥാപിക്കാനും സുരക്ഷയിലും സ്ഥിരതയിലും കഴിയുന്ന രാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കാനും ഒരുവിധ വിവേചനവുമില്ലാതെ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ഒരു പുതിയ സിറിയ കെട്ടിപ്പടുക്കാന്‍ നമ്മളെല്ലാവരും നമ്മുടെ രാഷ്ട്രത്തിന് ചുറ്റും അണിനിരക്കണം. എല്ലാവരും രാഷ്ട്രത്തിന്റെ തത്വങ്ങള്‍ പാലിക്കണം. വ്യക്തിഗത താല്‍പര്യങ്ങള്‍ക്കും പരിഗണനകള്‍ക്കും ഉപരിയായി രാഷ്ട്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. രാഷ്ട്രത്തിന്റെ പുനര്‍നിര്‍ാണത്തില്‍ എല്ലാവരും പങ്കാളികളാകുകയും എല്ലാ വെല്ലുവിളികളെയും മറികടക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയും വേണം. ഐക്യമാണ് നമ്മുടെ ആയുധം, കഠിനാധ്വാനമാണ് നമ്മുടെ പാത, നമ്മുടെ ഉറച്ച ഇച്ഛാശക്തിയാണ് ഈ സമ്പന്നമായ ഭാവി കെട്ടിപ്പടുക്കാനുള്ള അടിത്തറ.
ഡ്രൂസ് ജനത ഈ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ്. സിറിയ ഒരിക്കലും വിഭജനത്തിനോ, വിഘടനത്തിനോ, ജനങ്ങള്‍ക്കിടയില്‍ ഭിന്നത വിതക്കുന്നതിനോ ഉള്ള സ്ഥലമായിരിക്കില്ല. നിങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നത് ഞങ്ങളുടെ മുന്‍ഗണനയാണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നിങ്ങളെ ഒരു ബാഹ്യ കക്ഷിയിലേക്ക് വലിച്ചിഴക്കാനും നമ്മുടെ അണികളില്‍ ഭിന്നത സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ നിരാകരിക്കുന്നു. നാമെല്ലാവരും ഈ ഭൂമിയിലെ പങ്കാളികളാണ്. സിറിയയെയും അതിന്റെ വൈവിധ്യത്തെയും പ്രകടിപ്പിക്കുന്ന ഈ മനോഹരമായ പ്രതിച്ഛായയെ വളച്ചൊടിക്കാന്‍ ഒരു വിഭാഗത്തെയും ഞങ്ങള്‍ അനുവദിക്കില്ല.
പഴയകാല തര്‍ക്കങ്ങള്‍ കാരണം അല്‍സുവൈദായിലെയും പരിസര പ്രദേശങ്ങളിലെയും സായുധ ഗ്രൂപ്പുകള്‍ക്കിടയില്‍ നടന്ന ആഭ്യന്തര പോരാട്ടം തടയാന്‍ സിറിയന്‍ രാഷ്ട്രം പൂര്‍ണ ഇച്ഛാശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഇടപെട്ടു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഭരണകൂടത്തെ സഹായിക്കുന്നതിനു പകരം, കുഴപ്പങ്ങള്‍, രാജ്യദ്രോഹം എന്നിവ പതിവാക്കിയ നിയമവിരുദ്ധ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവന്നു. ഈ സംഘങ്ങളുടെ നേതാക്കള്‍ മാസങ്ങളോളം ചര്‍ച്ചകള്‍ നിരാകരിച്ചവരും അവരുടെ ഇടുങ്ങിയ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിച്ചവരുമാണെന്ന് സിറിയന്‍ പ്രസിഡന്റ് പറഞ്ഞു.
ഞായറാഴ്ച അല്‍സുവൈദാ ഗവര്‍ണറേറ്റില്‍ സായുധരായ ഡ്രൂസും മറ്റ് ബെദൂയിനുകളും തമ്മില്‍ ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടു. നിരവധി പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലുകള്‍ രൂക്ഷമായപ്പോള്‍ സ്ഥിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സൈന്യം തിങ്കളാഴ്ച അല്‍സുവൈദായില്‍ ഇടപെട്ടു. ഡ്രൂസിനെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് അവകാശപ്പെട്ട് ഇസ്രായില്‍ ദമാസ്‌കസിനടുത്തും തെക്കന്‍ സിറിയയിലും നിരവധി വ്യോമാക്രമണങ്ങള്‍ നടത്തി. ബുധനാഴ്ച വൈകുന്നേരം, സിറിയന്‍ അധികൃതര്‍ അല്‍സുവൈദായിലെ ഡ്രൂസ് വിഭാഗങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു.